jnu

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ കടുത്ത പ്രക്ഷോഭത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്‌റ്റൽ ഫീസ് വർദ്ധനവ് പിൻവലിച്ചു. മറ്റുനിയന്ത്രണങ്ങളിലും ഉടൻ മാറ്റം വരുത്തുമെന്ന് എച്ച്.ആർ.ഡി സെക്രട്ടറി ആർ. സുബ്രഹ്മണ്യം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജെ.എൻ.യു എക്സിക്യൂട്ടിവ് കമ്മിറ്റിയുടെതാണ് തീരുമാനങ്ങൾ. ഇതോടുകൂടി രണ്ടാഴ്‌ചയായി തുടർന്നുവന്ന വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിനാണ് വിരാമമായത്.എന്നാൽ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടുന്നതു വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്. ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പ്രൊഖ്രിയാൽ മണിക്കൂറുകളോളം ക്യാമ്പസിൽ കുടുങ്ങിയിരുന്നു.