iit-madras

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥിയായിരുന്നു ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് പെൺകുട്ടിയുടെ മതത്തോട് അദ്ധ്യാപകർ കാട്ടിയിരുന്ന എതിർപ്പ് മൂലമാണെന്ന് ഫാത്തിമയുടെ സുഹൃത്തുക്കളും ബന്ധുക്കളും. സ്ഥാപനത്തിൽ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് മുതൽ അദ്ധ്യാപകർ പെൺകുട്ടിയോട് ഇക്കാര്യം കൊണ്ട് വിവേചനം കാട്ടിയിരുന്നു എന്നും ഫാത്തിമ എന്ന് പേരുള്ള ഒരു വിദ്യാർത്ഥിനി നിരന്തരം ഒന്നാം സ്ഥാനത്ത് വരുന്നതിനോട് അവിടെയുള്ള ചില അദ്ധ്യാപകർക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥിനിയുടെ അച്ഛൻ അബ്‌ദുൾ ലത്തീഫ് പറഞ്ഞു.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം തന്റെ പേരിനെ പോലും ഫാത്തിമ ഭയപ്പെട്ടിരുന്നുവെന്നും ശിരോവസ്ത്രം ധരിക്കുന്നത് മകൾ ഒഴിവാക്കിയിരുന്നുവെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. ഇതേ ഭയം കാരണമാണ് ഉത്തർ പ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ മകൾക്ക് പ്രവേശനം ലഭിച്ചിട്ടും അവളെ അവിടേക്ക് അയക്കാതിരുന്നതെന്ന് ഫാത്തിമയുടെ മാതാവായ സജിതയും പറയുന്നു.

പൊലീസിൻെറ കൈയിൽ നിന്നും ലത്തീഫിന് ലഭിച്ച ഫാത്തിമയുടെ മൊബൈൽ ഫോണിൽ മദ്രാസ് ഐ.ഐ.ടിയിലെ സോഷ്യൽ സ്റ്റഡീസ്, ഹ്യുമാനിറ്റീസ് അദ്ധ്യാപകരായ സുദർശൻ പദ്മനാഭൻ, ഹേമചന്ദ്രൻ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വിദ്യാർത്ഥിനി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഫോണിലെ നോട്ടുകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്.

തമിഴ്‌നാട് പൊലീസ് മകളുടെ മരണത്തിൽ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ടെന്നും അവരുടെ കൈവശമുള്ള മകളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും നശിപ്പിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഫാത്തിമയുടെ ബന്ധുക്കൾ പറയുന്നുണ്ട്. വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കാണിച്ചുകൊണ്ട് ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം അതീവ ഗുരുതരമാണെന്ന് പറഞ്ഞുകൊണ്ട് എത്രയും പെട്ടെന്ന് സർക്കാർ വേണ്ട നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. 2016, 17, 19 കാലഘട്ടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളാണ് മദ്രാസ് ഐ.ഐ.ടിയിൽ പഠിക്കവേ പീഡനങ്ങൾ താങ്ങാനാകാതെ സ്വന്തം ജീവൻ ഒടുക്കിയത്.