ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തേക്കായി (2020-21) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബഡ്‌ജറ്റിനുള്ള ഒരുക്കങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം തുടക്കമിട്ടു. ഇതോടനുബന്ധിച്ച് പ്രത്യക്ഷ-പരോക്ഷ നികുതികളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ വ്യവസായ - വ്യാപാര രംഗത്തുള്ളവരോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു.

വ്യക്തിഗത ആദായ നികുതി, കോർപ്പറേറ്റ് നികുതി, എക്‌സൈസ് നികുതി, കസ്‌റ്രംസ് നികുതി എന്നിവയിലെ പരിഷ്‌കരണത്തിനുള്ള നിർദേശങ്ങളാണ് ധനമന്ത്രാലയം ആരാഞ്ഞത്. കഴിഞ്ഞ സെപ്‌തംബർ 20ന് ധനമന്ത്രി നിർമ്മല സീതാരാമൻ, സമ്പദ്‌വളർച്ച തിരിച്ചുപിടിക്കാനുള്ള ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനങ്ങളുടെ ഭാഗമായി കോർപ്പറേറ്ര് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു. സെസ് ഉൾപ്പെടെ, കോർ‌പ്പറേറ്റ് നികുതി 25.2 ശതമാനമാണ്.

വ്യക്തിഗത ആദായ നികുതി കുറയ്ക്കുകയോ സ്ളാബുകൾ പരിഷ്‌കരിച്ച് ഇടത്തട്ടുകാർക്ക് കൂടുതൽ ആശ്വാസം പകരുകയോ ചെയ്യുന്ന നടപടി അടുത്ത ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. ജി.ഡി.പി വളർച്ച മെച്ചപ്പെടാനായി ഉപഭോക്തൃ വിപണിക്ക് കരുത്തേകണമെന്നും ഇതിന് വ്യക്തിഗത ആദായ നികുതിയാണ് കുറയ്‌ക്കേണ്ടതെന്നും സാമ്പത്തിക ലോകം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.