health-insurance-

കൊച്ചി: സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്) നിന്ന് സ്വകാര്യ ആശുപത്രികൾ പൂർണമായി പിന്മാറുന്നു. ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ഒക്ടോബർ 31 വരെ 50 കോടി രൂപ കുടിശികയായ സാഹചര്യത്തിൽ ഡിസംബർ ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ ചികിത്സാ ആനുകൂല്യം നൽകില്ല.

ഇന്നലെ കൊച്ചിയിൽ ചേർന്ന കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ (കെ.പി.എച്ച്.എ) യോഗത്തിലാണ് തീരുമാനം.

അസോസിയേഷനിൽ അംഗങ്ങളായ 1362 സ്വകാര്യ ആശുപത്രികളിൽ 198 ആശുപത്രികളാണ് കാസ്‌പ് പദ്ധതിയിൽ ചേർന്നത്. ഇവർക്ക് സെപ്തംബർ മുതൽ ഒരു തുകയും ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കെ.പി.എച്ച്.എ പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിക്കാത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ആശുപത്രികൾക്ക്‌ ഈ ബാദ്ധ്യത താങ്ങാനാവില്ല.

മൊത്തം പ്രീമിയം തുകയായ 560 കോടി രൂപയിൽ 90 കോടി മാത്രമാണു സർക്കാർ തങ്ങൾക്ക് നൽകിയതെന്ന് ഇൻഷ്വറൻസ് കമ്പനി അസോസിയേഷനെ അറിയിച്ചു. അതുപ്രകാരമുള്ള തുക കമ്പനി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം ഇന്ന് സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കും
കെ.പി.എച്ച്.എ സംസ്ഥാന ട്രഷറർ ഡോ. ഇ.കെ. രാമചന്ദ്രൻ, ഭാരവാഹികളായ പി.ടി. ഷൗജാദ്, അഡ്വ. ഷേബ ജേക്കബ്, അഡ്വ. ടി.പി. തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കാസ്‌പ് പദ്ധതി പ്രീമിയം

കേന്ദ്രവിഹിതം - 60 ശതമാനം

സംസ്ഥാന വിഹിതം - 40 ശതമാനം