കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയിൽ കേന്ദ്രമന്ത്രിയെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. കേന്ദ്രമാന വ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്രെക്ക് നേരെയാണ് എസ്.എഫ്.ഐക്കാർ കരിങ്കൊടി വീശിയത്. സർവകലാശാലയിൽ പുതുതായി നിർമിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനായി എത്തിയതായിരുന്നു സഞ്ജയ് ധോത്രെ. സംഭവത്തിൽ പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയുമായിരുന്നു. ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ഡൽഹി ജെ.എൻ.യുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ കേന്ദ്രമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. വിദ്യാർത്ഥികൾ അവരുടെ പരിധികൾ ലംഘിക്കരുതെന്നും ജെ.എൻ.യുവിലെ വിഷയത്തിന് സർക്കാർ തന്നെ പരിഹാരം കാണുമെന്നും സഞ്ജയ് ധോത്രെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.