തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലും തലസ്ഥാന നഗരത്തിലും സമരവും പ്രതിഷേധവും നടത്താനെത്തുന്നവർ ജാഗ്രതൈ...! പൊലീസിന്റെ ജലപീരങ്കിയും പൊട്ടാത്ത ഗ്രനേഡുകളുമായിരിക്കില്ല നിങ്ങളെ കാത്തിരിക്കുന്നത്. സമരക്കാരെ നേരിടാൻ മുളക് ഗ്രനേഡുകളും സ്പ്രേയും വാങ്ങുകയാണ് സിറ്റി പൊലീസ്. മഹാരാഷ്ട്രയിലെ കമ്പനിയിൽ നിന്ന് ഇവ വാങ്ങാൻ ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യയെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തി. പുക വമിക്കുന്ന സ്മോക്ക് ഗ്രനേഡുകളാണ് പൊലീസ് ഇപ്പോൾ സമരക്കാരെ നേരിടാനുപയോഗിക്കുന്നത്. കണ്ണീർ വാതക ഷെല്ലുകളും പൊട്ടിക്കാറുണ്ട്. ഇവയുടെ പ്രയോഗത്തിലൂടെ ചുമയും ശ്വാസംമുട്ടലും കണ്ണീർ ധാരയുമേ ഉണ്ടാവൂ. മുളക് ഗ്രനേഡ് പ്രയോഗിച്ചാൽ കണ്ണും ശരീരവും എരിഞ്ഞുനീറും. കാഴ്ച തകരാറുണ്ടാവാൻ വരെ സാദ്ധ്യതയുള്ളതിനാൽ പൊലീസിന്റെ മുളക് ഗ്രനേഡ് പർച്ചേസ് വിവാദത്തിലായിട്ടുണ്ട്.
മുപ്പത് അടിവരെ ദൂരത്തിൽ പ്രയോഗിക്കാവുന്ന 20 എണ്ണം കാപ്സി സ്പ്രേയും ഗ്രനേഡുകളുമാണ് വാങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഹിക് ഇൻഫോടെക് എന്ന കമ്പനിയാണ് പൊലീസിന് ആവശ്യമുള്ള ഗ്രനേഡും സ്പ്രേയും നിർമ്മിച്ചു നൽകുക. എട്ട് തരത്തിലുള്ള മുളക് ഗ്രനേഡാണ് പൊലീസ് വാങ്ങുന്നത്. ഇതിന് 275 രൂപ മുതൽ 4900 രൂപ വരെ വിലയുണ്ട്. ഒരെണ്ണം പ്രയോഗിച്ചാൽ 50 മുതൽ 70 ആളുകളെ ഒരേ സമയം നിയന്ത്രിക്കാൻ കഴിയുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കുറിപ്പിൽ പറയുന്നു. അതേസമയം, ടെൻഡർ നടപടികളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
കാശ്മീരിലും മറ്റും അക്രമാസക്തരാവുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ചില്ലി ഗ്രനേഡ്, സേനകൾ ഉപയോഗിക്കുന്നുണ്ട്. കെട്ടിടങ്ങൾക്കുള്ളിലും മറ്റും മറഞ്ഞിരിക്കുന്ന തീവ്രവാദികളെയും അക്രമികളെയും പുകച്ച് പുറത്തുചാടിക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്. ഗ്രനേഡ് പൊട്ടുമ്പോൾ മുളക് തരികളും പൊടിയും അന്തരീക്ഷത്തിൽ വ്യാപിക്കും.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വളരുന്ന ലോകത്തേറ്റവും ചൂടൻ മുളകുകളിലൊന്നായ ഭൂത് ജൊലോകിയ ഉപയോഗിച്ചാണ് ഇത്തരം ഗ്രനേഡുകൾ നിർമ്മിക്കുന്നത്. സാധാരണ മുളകിനെക്കാൾ ഇരുപത് മടങ്ങ് എരിവ് കൂടുതലാണ് ഇതിന്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയാണ് ഇത് വികസിപ്പിച്ചെടുത്തത്. കലാപങ്ങളും നിയന്ത്റണാതീതമാകുന്ന സമരങ്ങളും നേരിടാൻ ചില്ലി ഗ്രനേഡ് ഉപയോഗിക്കാനേ പൊലീസുകൾക്ക് അനുമതിയുള്ളൂ. സമരക്കാർക്കു നേരെ ചില്ലി ഗ്രനേഡ് പ്രയോഗിച്ചാൽ അവരുടെ കണ്ണും മൂക്കും മുഖവും എരിഞ്ഞു പുകയും. ഇപ്പോൾ സമരക്കാരെ ബാരിക്കേഡുയർത്തി തടഞ്ഞും ലാത്തിച്ചാർജ് നടത്തിയുമൊക്കെയാണ് പൊലീസ് പിരിച്ചുവിടുന്നത്. ഈ നടപടികൾക്കിടെ പൊലീസിനും സമരക്കാർക്കും പരിക്കേൽക്കുന്നതും പതിവാണ്. ചില്ലി ഗ്രനേഡ് വരുന്നതോടെ സമരക്കാരെ തൊടാതെ തന്നെ അവരെ പിരിച്ചുവിടാൻ കഴിയുമെന്നാണ് പൊലീസിന്റെ വിശദീകരണം.
മുളക് ഗ്രനേഡ്
കൈ കൊണ്ട് എറിയാവുന്ന ചെറിയ ഗ്രനേഡ്. ഒരു ഗ്രനേഡ് 3 വർഷം വരെ കേടുകൂടാതിരിക്കും. എറിഞ്ഞ് ഒരു സെക്കൻഡിനകം മുളക് പ്രവഹിക്കും. 30 സെക്കൻഡ് വരെ ഇത് തുടരും. 40 മീറ്റർ അകലത്തേക്ക് വരെ എറിയാനാവുന്നതാണ് ബി.എസ്.എഫ് ഉപയോഗിക്കുന്ന മുളക് ഗ്രനേഡ്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം. ഇപ്പോഴത്തെ ഗ്രനേഡ് മഴക്കാലത്ത് ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്. എരിവുള്ള വാതകം വൻതോതിൽ വമിക്കുമെന്നതിനാൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ എളുപ്പം. ഗ്രനേഡ് എറിയുമ്പോൾ തന്നെ പ്ലാസ്റ്റിക് പുറം കവർ ഉരുകുമെന്നതിനാൽ സമരക്കാർ ഗ്രനേഡ് എടുത്ത് തിരിച്ചെറിയില്ല.
ആശങ്ക
കണ്ണ്, ചെവി, ശ്വസനവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കും. കാപ്സിക്കൻ സ്പ്രേയുടെ ഉപയോഗത്തിലൂടെ 26 പേർ മരിച്ചതായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ കുറ്റപ്പെടുത്തുന്നു. ഹോങ്കോംഗിലും കാപ്സിക്കൻ സ്പ്രേയുടെ ഉപയോഗത്തിനെതിരെ വൻ പ്രതിഷേധമുണ്ടായിട്ടുണ്ട്.