തിരുവനന്തപുരം : വി.കെ. പ്രശാന്ത് മാറി ഞാൻ മേയറായി. അദ്ദേഹം എം.എൽ.എ ആയതോടെ ഉണ്ടായ സ്വാഭാവികമായ മാറ്റമാണിത്. എന്നാൽ ഭരണകാര്യങ്ങളിൽ ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടാകൂ .- മേയറായി ചുമതലയേറ്റ ശേഷം ആദ്യ ദിനം ഓഫീസിലെത്തിയ കെ. ശ്രീകുമാർ സംസാരിച്ചു തുടങ്ങി.
കഴിഞ്ഞ നാലു വർഷം ഒരു ടീമായിട്ടാണ് ഞങ്ങൾ പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ പൊളിച്ചെഴുത്തുകളൊന്നുമില്ല. തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ജനകീയ വിഷയങ്ങളിൽ മുൻമേയർ സ്വീകരിച്ച നിലപാടുകൾ തന്നെയാകും ഞാനും പിന്തുടരുക. കാലാവധി പൂർത്തിയാക്കാൻ കഷ്ടിച്ച് ഒരുവർഷം മാത്രമാണുള്ളത്. ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. എൽ.ഡി.എഫിന് തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും- മേയർ കെ.ശ്രീകുമാർ വിശദീകരിച്ചു.
(അടുത്ത സുഹൃത്തായിരുന്ന ചാക്ക സ്വദേശി റഹീമിന്റെ പേട്ട പള്ളിയിലെ കബറിടത്തിലെത്തി പുഷ്പങ്ങൾ അർപ്പിച്ച ശേഷമാണ് ശ്രീകുമാർ ഇന്നലെ മേയറുടെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.)
? തുടക്കം എങ്ങനെ
എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടുപോകും. എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കും. ചുമതലയേറ്റ ഉടൻ മുഖ്യമന്ത്രിയെ സന്ദർശിച്ചു. മുതിർന്ന നേതാക്കളെയും മറ്റ് മന്ത്രിമാരെയും നേരിൽ കാണുന്നുണ്ട്. ഓഫീസിൽ എല്ലാ വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചു. നഗരസഭാ ആസ്ഥാനത്തും സോണൽ ഓഫീസുകളിലുമെത്തുന്ന സാധാരണക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും. നിലവിൽ ഒരുപാട് മാറിയിട്ടുണ്ട്. എന്നാൽ അതു പോരാ. ഉദ്യോഗസ്ഥരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഓഫീസുകൾ കുറച്ചുകൂടി ജനസൗഹൃദമാക്കും. മുഖ്യമന്ത്രി പറയുന്നതുപോലെ ഓരോ ഫയലും ഓരോ ജീവിതമാണ് അതാണ് നഗരസഭയുടെയും നിലപാട്.
? സ്മാർട്ട് സിറ്റിയുടെ ഭാവി
നഗരത്തിന്റെ സ്വപ്നപദ്ധതിയായ സ്മാർട്ട് സിറ്റിയിലെ ചില പദ്ധതികൾ അതിവേഗം പൂർത്തീകരിക്കേണ്ടതായുണ്ട്.
പാളയം മാർക്കറ്റ് അത്യാധുനിക നവീകരണം ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി മാർക്കറ്റ് താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റണം. അതുപോലെ ഗാന്ധിപാർക്കിന് സമീപം തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ട് ഡൽഹിയിലെ പാലിക ബസാർ മാതൃകയിൽ വ്യാപാരകേന്ദ്രം ഒരുക്കണം. രണ്ടു പദ്ധതികളുടെയും ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും.
? എല്ലാ നഗരവാസികൾക്കും വെള്ളവും വെളിച്ചവും ലഭിക്കണ്ടേ
നഗരത്തിൽ തെരുവുവിളക്കുകളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഞങ്ങളുടെ ഭരണസമിതിക്ക് സാധിച്ചു. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെ 40000 തെരുവ് വിളക്കുകൾ ട്യൂബ് ലൈറ്റിൽ നിന്നും എൽ.ഇ.ഡിയിലേക്ക് മാറ്റി. 80000ത്തോളം ലൈറ്റുകളാണ് ആകെയുള്ളത്. അവശേഷിക്കുന്ന ലൈറ്റുകളും എൽ.ഇ.ഡിയിലേക്ക് മാറ്റും.
ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം നഗരത്തിൽ പലയിടത്തും ലൈൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കമ്മിഷൻ ചെയ്തിട്ടില്ല. വാട്ടർ അതോറിട്ടി അധികൃതരുടെ അടിയന്തരയോഗം വിളിച്ച് നടപടി സ്വീകരിക്കും.
? മാലിന്യസംസ്കരണത്തിൽ പഴി കേൾക്കുമോ
മാലിന്യസംസ്കരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാലുവർഷമായി നഗരത്തിന് പുതിയൊരു മാലിന്യസംസ്കാരം പകരാൻ ഞങ്ങൾക്ക് സാധിച്ചു. സ്വന്തം മാലിന്യം സംസ്കരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറി. ഉറവിടമാലിന്യസംസ്കരണമെന്ന ആശയം പരിചയപ്പെടുത്തുന്നതോടൊപ്പം അതിനുവേണ്ട സൗകര്യങ്ങളും നഗരസഭ ഒരുക്കി. ഗ്രീൻ ആർമി എന്ന പേരിൽ രൂപീകരിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മ നടത്തിയ ബോധവത്കരണമുൾപ്പെടെ ഫലം കണ്ടു. വരും ദിവസങ്ങളിൽ അത് തുടരും. പാതയോരങ്ങളിൽ നിന്ന് മാലിന്യം ഇല്ലാതായി. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത നാട്ടിലാണ് ഇത്തരമൊരു മാറ്റം ഉണ്ടായിരിക്കുന്നത്. മാലിന്യസംസ്കരണത്തിന് സർക്കാർ അംഗീകരിച്ച 51 കോടിയുടെ പദ്ധതികൾ നടപ്പാക്കും.
? വെല്ലുവിളികളെ മറികടക്കാനുള്ള തന്ത്രം
ഇനിയുള്ള ഒരുവർഷം വെല്ലുവിളികൾ നിറഞ്ഞതാണ്. അത് രണ്ടു തരത്തിലാണ്. അവസാനവർഷം പദ്ധതി പ്രവർത്തനങ്ങൾ പിന്നോട്ടുപോകാൻ ഇടയുണ്ട്. അത് പ്രതിച്ഛായയെ ബാധിക്കും. അതാണ് ജനങ്ങൾ വിലയിരുത്തുന്നത്. അതുപോലെ പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികൾ മറ്റൊരു ഭാഗത്ത്. അതിനെയെല്ലാം മറികടക്കാൻ സാധിക്കും. വട്ടിയൂർക്കാവിൽ പ്രശാന്ത് നേടിയ വിജയം ഞങ്ങൾക്ക് കരുത്താണ്. നഗരസഭയിൽ ഉയർന്ന ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന് തുടർഭരണമുണ്ടാകും. അതിനുള്ള അടിത്തറ ശക്തമാക്കും.