പോത്തൻകോട് : ഹൈക്കോടതി വിധിയെത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട പോത്തൻകോട് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അഭിഭാഷകയായി ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. മറ്റൊരു കോൺഗ്രസ് ബ്ലോക്ക് അംഗം നൽകിയ റിട്ട് ഹർജിയിന്മേലാണ് ഷാനിബയ്ക്ക് പ്രഡിഡന്റ് സ്ഥാനം നഷ്ടമായത്.
കേരളത്തിലെ നിർഭയയുടെ ആദ്യ സംസ്ഥാന പ്രോഗ്രാം ഓഫീസറായിരുന്ന ഷാനിബ റിട്ടയർ ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. മംഗലാപുരത്തെ അറിയപ്പെടുന്ന കോൺഗ്രസ് കുടുംബത്തിലെ അംഗമായ ഷാനിബ, കെ.എസ്.യുവിന്റെ ആദ്യ ജില്ലാ കമ്മിറ്റിയിലെ വനിത അംഗമായിരുന്നു. ഷാനിബ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആകുമ്പോൾ സ്വന്തം സഹോദരൻ മംഗലപുരം ഷാഫി, സംസ്ഥാനത്തെ ജനതാദൾ (എസ് )ന്റെ ഏക പഞ്ചായത്ത് പ്രസിഡന്റായി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ചുമതലയേൽക്കുകയായിരുന്നു.
അഭിഭാഷകയാകുക എന്ന ലക്ഷ്യത്തോടെ അഞ്ച് മാസം മുമ്പ് ഷാനിബ ഹൈക്കോടതിയിൽ നിന്നും സന്നദ് എടുത്തിരുന്നു. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. ഫൈസിയുടെ ജൂനിയറായാണ് ഷാനിബ പ്രാക്ടീസ് ആരംഭിച്ചത്.
പോത്തൻകോട് ബ്ലോക്കിന്റെ ചരിത്രത്തിൽ പദ്ധതി വിഹിതം പൂർണമായി വിനിയോഗിച്ചതും ഐ.എസ്.ഒ ബഹുമതി നേടുന്നതും ഷാനിബയുടെ നേതൃത്വത്തിലായിരുന്നു.