തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകളുടെ ഭക്ഷണ പായ്ക്കറ്റിംഗ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ബദൽ മാർഗങ്ങളുമായി നഗരസഭ. പാഴ്സലിന് പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം വാഴയിലയോ സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കണമെന്ന നഗരസഭയുടെ നിർദ്ദേശം ഹോട്ടലുടമകളും ഫുഡ് ഡെലിവറി കമ്പനികളും പ്രായോഗികമല്ലെന്ന് പറഞ്ഞതോടെയാണിത്.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുൻ മേയർ വി.കെ. പ്രശാന്ത് എം.എൽ.എ മുൻകൈയെടുത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസ് ദാതാക്കളുടെ യോഗം വിളിച്ചിരുന്നു.
എന്നാൽ, യോഗത്തിൽ പങ്കെടുത്ത ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾ ഫുഡ് പായ്ക്കറ്റിനൊപ്പമുള്ള പ്ളാസ്റ്റിക് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ഹോട്ടലുടമകൾക്ക് കൂടി സ്വീകാര്യമാകുന്ന തരത്തിലുള്ള ബദൽ നിർദ്ദേശങ്ങൾ കോർപറേഷൻ തേടിയത്. നിർദ്ദേശങ്ങൾ ഈയാഴ്ച ചേരുന്ന ഹോട്ടലുടമകളുടെ യോഗത്തിൽ നഗരസഭ മുന്നോട്ട് വയ്ക്കും. ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റൊ, സ്വാപ്, റാബിറ്റോ എന്നീ കമ്പനികളാണ് നഗരത്തിൽ പ്രധാനമായും ഓൺലൈൻ വഴി ഭക്ഷണം വിതരണം ചെയ്യുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകൾ ദിവസേന ലക്ഷക്കണക്കിനു പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കുന്നുണ്ട്.
നഗരസഭയുടെ നിർദ്ദേശങ്ങൾ
സ്റ്റീൽ പാത്രങ്ങളിലൂടെ ഭക്ഷണം എത്തിക്കാനായി കോർപറേഷൻ, ഓൺലൈൻ കമ്പനിക്കാർ, ഹോട്ടലുകാർ, ഉപഭോക്താക്കൾ എന്നിവരുടെ ശൃംഖലയുണ്ടാക്കും
സ്റ്റീൽ പാത്രങ്ങളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുമ്പോൾ അതിനൊപ്പം ഒരു നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങും. ഭക്ഷണം കഴിച്ചശേഷം പാത്രങ്ങൾ തിരികെ നൽകുമ്പോൾ ഡെപ്പോസിറ്റ് ഉപഭോക്താവിന് തിരിച്ചു നൽകും.
ഏത് ഹോട്ടലിൽ നിന്നാണോ ആഹാരം ഓർഡർ ചെയ്യുന്നത് അവിടെത്തന്നെ പാത്രം തിരിച്ചു നൽകണമെന്നില്ല. ഏറ്റവും അടുത്തുള്ള ഹോട്ടലിൽ തിരിച്ചുനൽകാനുള്ള സംവിധാനമാണ് ഒരുക്കുക. ഇതിനായി പ്രധാന ഹോട്ടലുകളെ സോഫ്റ്റ്വെയർ വഴി ബന്ധിപ്പിക്കും. സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഡെപ്പോസിറ്റ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റും
സ്ഥിരമായി ഓൺലൈൻ വഴി ആഹാരം വാങ്ങുന്നവർക്ക് മെമ്പർഷിപ്പ് കാർഡ് നൽകും. അതിനാൽ ഓരോ തവണയും ഡെപ്പോസിറ്റ് നൽകേണ്ടിവരില്ല
പാത്രങ്ങൾ കഴുകി വൃത്തിയായി ശേഖരിക്കുന്നതിന് നഗരസഭ തന്നെ ഗോഡൗൺ സൗകര്യമൊരുക്കും
പാത്രങ്ങൾ സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിന് ഓൺലൈൻ വിതരണക്കാർ തയ്യാറാണെങ്കിൽ അവരെ പ്രയോജനപ്പെടുത്തും. അല്ലെങ്കിൽ നഗരസഭ പ്രത്യേകം സംഘത്തെ നിയോഗിക്കും
ഓൺലൈൻ ഭക്ഷണത്തിന്
പ്രിയമേറുന്നു
ആറ് മാസം കൊണ്ടാണ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ നഗരം കീഴടക്കിയത്. ഇക്കാലയളവിൽ നഗരത്തിൽ നൂറോളം ഹോട്ടലുകളും 375 റസ്റ്റോറന്റുകളും തുറന്നെന്നാണ് കണക്ക്. ടെക്നോപാർക്ക്, പൂജപ്പുര, പേയാട്, വെള്ളയമ്പലം, കവടിയാർ എന്നിവിടങ്ങളിലാണ് കൂടുതൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നത്. മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്താൽ ഇരിക്കുന്നിടത്ത് കൃത്യമായി ഭക്ഷണം എത്തുമെന്നതാണ് പുഡ് ഡെലിവറി സർവീസുകൾ ജനപ്രിയമാകാൻ കാരണം. ജനപ്രീതിയേറിയതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും കോമ്പോ ഓഫറുകൾ നൽകി നിലവിലുള്ളവരെയും പുതിയ ഉപഭോക്താക്കളെയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
തീരുമാനം പ്ളാസ്റ്റിക്
വില്ലനായതോടെ
പ്ളാസ്റ്റിക് മാലിന്യങ്ങൾ ക്രമാതീതമായി കൂടിയതാണ് ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ പ്ളാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താൻ നഗരസഭയെ പ്രേരിപ്പിച്ചത്. ഈ കമ്പനികളെല്ലാം കൂടി പ്രതിദിനം ശരാശരി അരലക്ഷത്തോളം പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. കോർപറേഷനും സ്വകാര്യ വ്യക്തികളും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾക്കൊപ്പം ഇതിൽ 90 ശതമാനവും മടങ്ങിയെത്തുകയും ചെയ്യുന്നുണ്ട്. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക്കിൽ പൊതിയുന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകുന്നു.