sabarimala

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശിപ്പിക്കാമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിപറയും. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയിലാണ്.

ശബരിമലയുടെ മറവിൽ ആക്രമണത്തിന് മുതിർന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിധി ദുർവ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് ജാഗ്രത നിർദേശം നൽകി. അയോധ്യവിധി വന്നപ്പോഴും സമാന നടപടി ഉണ്ടായിരുന്നു.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. റിട്ട് ഹർജികളും സർക്കാരിന്റെ ഹർജികളും ചേർത്ത് മൊത്തം 65 ഹർജികൾ കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതികൾക്ക് ദർശനം നൽകാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചിൽ രഞ്ജൻ ഗൊഗോയ് ഇല്ലായിരുന്നു. ആ ബെഞ്ചിൽ ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ് എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ. ഇന്ദുമൽഹോത്ര മാത്രമാണ് യുവതീ പ്രവേശനത്തെ എതിർത്ത് ഭിന്ന വിധി എഴുതിയത്.