sabarimala-women-entry

തിരുവനന്തപുരം: കഴിഞ്ഞവർഷം സെപ്തംബർ 28ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എന്നാൽ ഈ വിധിക്ക് ഇടയാക്കിയത് ഏതെങ്കിലും സർക്കാർ ഉത്തരവോ കേസോ നിയമനിർമ്മാണമോ അല്ല. 1991ലെ ഹൈക്കോടതി വിധിയിലേക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധിയിലേക്കും എത്തിച്ചേർന്ന വ്യവഹാരങ്ങൾക്ക് ഇടയാക്കിയത് സർക്കാരിന്റെ ഏതെങ്കിലും തീരുമാനങ്ങളായിരുന്നില്ല.

യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് മനസിലാക്കണമെങ്കിൽ നേരത്തേ ഹൈക്കോടതിയിലുണ്ടായ ഒരു പൊതുതാൽപര്യ ഹർജിയെക്കുറിച്ച് ആദ്യം അറിയണം.1990ൽ എസ്.മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.

sabarimala-women-entry

മഹേന്ദ്രന്റെ കത്ത്

ശബരിമലയിൽ യുവതികൾ കയറി പ്രാർത്ഥന നടത്തുന്നെന്നും വി.ഐ.പികളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന നൽകുന്നെന്നും ചൂണ്ടിക്കാട്ടി ദേവസ്വം മുൻ കമ്മിഷണർ ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് ഉദാഹരണമാക്കിയാണ് മഹേന്ദ്രൻ കത്തയച്ചത്.ചന്ദ്രികയും മകളും സ്ത്രീകളുൾപ്പെടെ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന 1990ആഗസ്റ്റ് 19ന് പത്രത്തിൽ വന്ന ചിത്രവും കത്തിനൊപ്പമുണ്ടായിരുന്നു.ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.1991ലെ ഹൈക്കോടതി വിധിയിൽ ഇതേക്കുറിച്ച് പറയുന്നതിങ്ങനെ- '' പരാതിക്കാരനായ മഹേന്ദ്രൻ, കമ്മിഷണറായിരുന്ന ചന്ദ്രിക, ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണ് പരിഗണനയ്ക്കായി ഉയർന്നുവരുന്നത് എന്ന് ഞങ്ങൾക്ക് തോന്നി. അതിനാൽ പരാതിയെ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം പൊതുതാത്പര്യ ഹർജി എന്ന നിലയിൽ ഒ.പി 9015/1990 ആയി പരിവർത്തിപ്പിച്ചു.' ഈ കേസിൽ ഇന്ത്യൻ ഫെഡറേഷൻ ഒഫ് വിമൻ ലോയേഴ്‌സ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം.വി ഗോപാലകൃഷ്ണൻ എന്നിവർ കക്ഷിചേർന്നു.

വിചാരണക്കാലത്തെ വിവരങ്ങൾ
കൊല്ലവർഷം 1115ൽ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയർന്നുവന്നതായി 1991ലെ ഹൈക്കോടതി ഉത്തരവിലുണ്ട്. അടുത്ത വർഷങ്ങളിൽ നിരവധി ഭക്തർ കുട്ടികളുടെ ചോറൂണിനായി എത്തി. ഇതിനായി ബോർഡ് പണമീടാക്കി രസീത് നൽകി. ശബരിമലയിലെ ആചാരക്രമങ്ങളിൽ വന്ന മാ​റ്റങ്ങളും കോടതി വിധിയിലുണ്ട്. 20 വർഷക്കാലമായി പ്രതിമാസ പൂജയ്ക്ക് ക്ഷേത്രം തുറക്കുമ്പോൾ പ്രായഭേദമില്ലാതെ സ്‌ത്രീകൾക്ക് പ്രവേശിക്കാമായിരുന്നു. മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളിൽ മാത്രമാണ് സ്‌ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നതെന്നും വാദത്തിനിടെ ഉയർന്നുവന്നു. ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവികാരങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും പരാതിക്കാരന്റെ മൗലികാവശങ്ങളിലൊന്നു പോലും ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് ഹർജി പിൻവലിക്കണമെന്നുമാണ് ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചത്.

sabarimala-devotee

ചന്ദ്രികയുടെ നിലപാട്

മഹേന്ദ്രന്റെ പരാതിക്ക് ആധാരമായ ഒരു കാര്യം ദേവസ്വം കമ്മിഷണറായ ചന്ദ്രിക തന്റെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയിൽ നടത്തിയതായിരുന്നു. 1166 ചിങ്ങം ഒന്നിന് ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും മണ്ഡല, മകരവിളക്ക്, വിഷു സമയത്തല്ലാതെ സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്നും ചന്ദ്രിക കോടതിയിൽ പറഞ്ഞു.പ്രതിമാസ പൂജകൾ നടക്കുമ്പോൾ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദർശിക്കാറുണ്ട്. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമല്ലെന്നും ചന്ദ്രിക നിലപാടെടുത്തയായും ഉത്തരവിലുണ്ട്.

കുമ്മനവും ചീഫ് സെക്രട്ടറിയും
ഹിന്ദുമുന്നണിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരൻ ക്ഷേത്രം തന്ത്രിയായിരുന്ന മഹേശ്വരരിന് അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു.ശബരിമലയിൽ വിവാഹച്ചടങ്ങുകളും വനിതകളുടെ നൃത്തവും സിനിമാ ഷൂട്ടിംഗും നടന്നുവെന്ന് ഈ കത്തിലുണ്ട്. കത്തിന് ക്ഷേത്രം തന്ത്രിയായിരുന്ന മഹേശ്വരര് അയച്ച മറുപടിയും കോടതിയിലെത്തി. സ്ത്രീകളുടെ പ്രവേശനവും അവർ പങ്കെടുക്കുന്ന മ​റ്റു ചടങ്ങുകളും നടക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ എതിർ സത്യവാങ്മൂലത്തിൽ തിരു-കൊച്ചി ക്ഷേത്രപ്രവേശന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.10മുതൽ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക് വിഷു സമയത്ത് നിരോധിച്ച് എല്ലാവർഷവും ബോർഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പൊതുതാത്പര്യ ഹർജി ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം നിലനിൽക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നുമാണ് ചീഫ്സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലുള്ളത്.

ഹൈക്കോടതി ഉത്തരവ്
10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ശബരിമല തീർത്ഥാടനകേന്ദ്രത്തിലെ കാലാവർത്തിയായിട്ടുള്ള ആചാരമാണ് എന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആ നിയന്ത്റണം നടപ്പിലാക്കുക എന്ന തീരുമാനമാണ് എടുത്തത്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കുകയും സർക്കാരിനോട് പൊലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോർഡിന് നൽകണമെന്നും നിർദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് 1991ഏപ്രിൽ അഞ്ചിന്റെ ഉത്തരവിലൂടെ ഹൈക്കോടതി ചെയ്തത്.1991നു ശേഷം ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല തീർത്ഥാടനം നടന്നിട്ടുള്ളത്. ഇതിനെ സഹായിക്കുകയാണ് സർക്കാർ ചെയ്തത്. വ്യത്യസ്തമായ ഒരു നിലപാടും ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. ഈ സർക്കാരും ഇതിന് മാ​റ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല.

sabarimala

സുപ്രീംകോടതിയിലെ റിട്ട് ഹർജി

2006ൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഇന്ത്യൻ യംഗ് ലായേഴ്‌സ് അസോസയേഷന്റെ റിട്ട് ഹർജിയായി സുപ്രീം കോടതിയിലെത്തി. ഇതിൽ സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി. സുപ്രീം കോടതി സർക്കാരിനോട് അഭിപ്രായം തേടി. 2007നവംബർ13ന് വി.എസ്.അച്യുതാനന്ദൻ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പിന്നീടു വന്ന യു.ഡി.എഫ് സർക്കാർ ഈ സത്യവാങ്മൂലം പിൻവലിച്ച് സ്ത്രീപ്രവേശനത്തെ എതിർത്ത് പുതിയത് നൽകി. ഈ സർക്കാർ, 2007ൽ നൽകിയ സത്യവാങ്മൂലം നിലനിറുത്താൻ തീരുമാനിച്ചു.

നിർണായകമായ സത്യവാങ്മൂലം
സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ച കാര്യങ്ങൾ ഇവയാണ്:-

1) സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരായ ഏതെങ്കിലും വിവേചനത്തോട് സർക്കാർ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ നയം.അതിനാൽ സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല.

2) മുൻകാലങ്ങളിലും സ്‌ത്രീകൾ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന ചരിത്രപരമായ കാര്യങ്ങൾ അറിയിച്ചു. മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണിയും ഒപ്പമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി.

3) ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്രആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായവ്യത്യാസമില്ലാതെ അനുവദിക്കണമെന്ന നിലപാട് സർക്കാർ സ്വീകരിച്ചു.

4) ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങൾ സ്വീകരിച്ചതിനാലും സർക്കാർ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സത്യവാങ്മൂലത്തിൽ ഓർമ്മിപ്പിച്ചു.

5) ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യപരിഷ്‌ക്കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ച് പ്രായവ്യത്യാസമില്ലാതെ സ്‌ത്രീകൾക്ക് ക്ഷേത്രാരാധന അനുവദിക്കാമോ എന്ന് മനസിലാക്കണമെന്ന് അപേക്ഷിച്ചു.

6) സ്ത്രീകൾ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാവും എന്നതാണ് പേടിയെങ്കിൽ അതിന് സ്ത്രീകൾക്ക് പ്രത്യേക സന്ദർശനകാലം നിശ്ചയിക്കാവുന്നതാണ്. എന്നാൽ ഇത്തരമൊരു പേടി സർക്കാരിനില്ല.

7) ആചാരങ്ങളിൽ മാ​റ്റമുണ്ടായിട്ടുണ്ട്. ഉദാഹരണമായി, എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ച് ദിവസം പൂജ നടക്കുന്നുണ്ട്. ജനത്തിരക്ക് കുറയ്ക്കാനാണിത് തുടങ്ങിയത്. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
കോടതിക്ക് കൊടുത്ത ഉറപ്പ്
കോടതിവിധി പ്രകാരം സർക്കാർ പ്രവർത്തിക്കുമെന്നും ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്,സർക്കാർ സത്യവാങ്മൂലം നൽകിയത്. എല്ലാവർക്കും പ്രവേശനം നൽകുക എന്നതാണ് സർക്കാരിന്റെ നയമെങ്കിലും ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു വിവാദമുണ്ടാക്കാൻ താൽപര്യമില്ല. കമ്മിഷന്റെ പരിശോധനയ്ക്ക് ശേഷമേ അന്തിമവിധിയാകാവൂ എന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചില്ല. വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്.