ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജൻ ഗോഗയി പറഞ്ഞു. ചീഫ് ജസ്‌റ്റിസിനൊപ്പം ജ. ഇന്ദു മൽഹോത്ര, ജ. ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്‌റ്റേ ഇല്ല.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. റിട്ട് ഹർജികളും സർക്കാരിന്റെ ഹർജികളും ചേർത്ത് മൊത്തം 65 ഹർജികൾ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയിൽ കേട്ടത്. മറ്റു കക്ഷികൾ വാദം എഴുതി നൽകുകയായിരുന്നു. 2018 സെപ്തംബർ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ദേവസ്വം ബോർഡ് സർക്കാരിനോട് യോജിച്ചു. എൻ.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
കക്ഷികളും അഭിഭാഷകരും
1. സംസ്ഥാന സർക്കാർ- ജയദീപ് ഗുപ്ത
2. ദേവസ്വംബോർഡ്- രാകേഷ് ദ്വിവേദി
3. എൻ.എസ്.എസ്- കെ. പരാശരൻ
4. തന്ത്രി കണ്ഠരര് രാജീവര്- വി. ഗിരി
5. പ്രയാർ ഗോപാലകൃഷ്ണൻ- അഭിഷേക് സിംഗ്വി
6. പന്തളം രാജകുടുംബം- അഡ്വ. സായി ദീപക്
7. ബ്രാഹ്മണസഭ- ശേഖർ നഫാഡെ
എതിർത്തവർ വാദിച്ചത്
സംസ്ഥാന സർക്കാർ വാദിച്ചത്
തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികളാണ് ഉണ്ടായിരുന്നത്. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് എന്നിവർ റിട്ട് ഹർജിയും നൽകി. ഹൈക്കോടതിയിലെ ശബരിമല ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ നൽകിയ രണ്ട് ട്രാൻസ്ഫർ ഹർജികൾ, വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് നൽകിയ ഹർജി തുടങ്ങിയവയും ചേർത്ത് ശബരിമലയുമായി ബന്ധപ്പെട്ട 65 ഹർജികൾ കോടതിയിലെത്തി.
ശബരിമല പുനഃപരിശോധനാ ഹർജികളെ എതിർത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പ്രവേശനം നടത്താൻ ശ്രമിച്ച രേഷ്മയും ഷനിലയും കോടതിയെ സമീപിച്ചിരുന്നു. യുവതീ പ്രവേശനം അനുവദിച്ച സെപ്‌തംബർ 28ലെ വിധി സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും തുല്യതയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് വാദം.
സെപ്‌തംബർ 28ലെവിധി
പ്രായഭേദമെന്യേ ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെടുന്ന ഭരണഘടനാ ബെഞ്ച് 2018 സെപ്തംബർ 28നാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. യുവതീ പ്രവേശന നിയന്ത്രണം ആചാരമാണെന്നും തൊട്ടുകൂടായ്മയല്ലെന്നുംചൂണ്ടിക്കാട്ടി ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദുമൽഹോത്ര എതിർത്ത് വിധിയെഴുതി. ദീപക് മിശ്ര വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് റിവ്യൂ ബെഞ്ചിലെത്തി.
ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടാണ് റദ്ദാക്കിയത്. വിലക്ക് ഭരണഘടനാവിരുദ്ധമാണ്. തുല്യതയ്ക്കും അന്തസിനുമുള്ള സ്ത്രീകളുടെ അവകാശത്തിന്റെയും ലംഘനമാണ്. ഭക്തി ലിംഗവിവേചനത്തിന് കാരണമാകരുത്. അയ്യപ്പഭക്തരെ പ്രത്യേക വിശ്വാസി സമൂഹമായി കാണാനാവില്ല. ജാതി, ലിംഗഭേദങ്ങളില്ലാതെ ഹിന്ദുമതത്തിലെ ഏതൊരു വിശ്വാസിക്കും ക്ഷേത്രപ്രവേശനത്തിനും പ്രാർത്ഥനയ്ക്കുമുള്ള അവകാശമുണ്ട്. പരിശുദ്ധിയുടെ പേരിലുള്ള വിലക്ക് തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കുകയായിരുന്നു.