ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബർ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് തൽസ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിർദേശം.കൂടാതെ ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.
മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജൻ ഗൊഗോയി പറഞ്ഞു. ചീഫ് ജസ്‌റ്റിസിനൊപ്പം ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്.
2018 സെപ്തംബർ 28നാണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.എന്നാൽ അന്ന് ശ്രദ്ധേയമായത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്രയുടെ ഭിന്നാഭിപ്രായിരുന്നു. വിശ്വാസങ്ങൾ തീർത്തും വ്യക്തിപരമാണെന്നും അതിൽ കോടതികൾ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ദു മൽഹോത്രയുടെ പ്രധാന നിരീക്ഷണം. ഇന്ന് പുനപരിശോധന ഹർജി പരിഗണിക്കവേ ഇന്ദു മൽഹോത്രയെക്കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ഖാൻവിൽക്കറും മതത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.