thanthri

നിലയ്ക്കൽ: ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി സ്വീകരിച്ച നിലപാടിൽ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. പുനഃപരിശോധനാ ഹർജികൾ ഏഴംഗ ബഞ്ചിന് നൽകിയ സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സുപ്രീം കോടതിയുടെ ഈ തീരുമാനം വിശ്വാസികൾക്ക് എറെ കരുത്ത് പകരുന്നതാണെന്നുമാണ് തന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഭക്തരെ ഒരു പ്രത്യേക വിഭാഗമായി കാണണമെന്ന് സുപ്രീം കോടതി പറഞ്ഞതും ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതവും നിയമവും കൂട്ടികുഴയ്ക്കാൻ പാടില്ലെന്നും വിശ്വാസികളെ അവരുടെ വഴിക്ക് വിടേണ്ടതാണെന്നും തന്ത്രി പറയുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും കണ്ഠരര് രാജീവരര് പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സ്റ്റേ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും തന്ത്രി പറഞ്ഞു.