kanaka-durga-binduammini

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി നടപടിയിൽ നിരാശയില്ലെന്ന് കഴിഞ്ഞവർഷം ശബരിമല ദർശനം നടത്തിയ കനക ദുർഗ പ്രതികരിച്ചു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ ഇനിയും ദർശനത്തിനെത്തുമെന്ന് അവർ വ്യക്തമാക്കി. അതേസമയം,​ മല കയറാനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണമൊരുക്കണമെന്ന് കനക ദുർഗയ്ക്കൊപ്പം മല ചവിട്ടിയ ബിന്ദു അമ്മിണി പ്രതികരിച്ചു.

യുവതീ പ്രവേശന വിധിയ്ക്ക് ശേഷം ശബരിമല ക്ഷേത്ര ദർശനം നടത്തിയ യുവതികളാണ് ബിന്ദുവും കനക ദുർഗയും. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ കനകദുർഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അദ്ധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബർ 24ന് ആദ്യ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നു.

ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവർ നിരാഹാരം തുടങ്ങിയെങ്കിലും ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് ഇരുവരും സമരം അവസാനിപ്പിച്ചു. പിന്നീട് 2019 ജനുവരി രണ്ടാം തീയതി പുലർച്ചെ ഇവർ ശബരിമല ദർശനം നടത്തി. പതിനെട്ടാംപടി കയറാതെ വി.ഐ.പി വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തുകയായിരുന്നു ഇരുവരും.