കേരളം നെല്ലറയായിരുന്ന കാലം ഓർമ്മയാവുകയാണ്. മലയാളികൾക്കുള്ള അന്നം ഇവിടെ തന്നെ വിളയിച്ചെടുത്ത ഒരു കാലമുണ്ടായിരുന്നു എന്ന് കേട്ടാൽ ഒരു പക്ഷേ ഇന്നത്തെ തലമുറ വിശ്വസിക്കുകയില്ല. സംസ്ഥാനത്ത് നിന്നും നെൽകൃഷി ഇടങ്ങൾ വ്യാപകമായി നികത്തപ്പെടുന്നു. തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ അട്ടിമറിച്ച് നിലം നികത്തലിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിക്കഴിഞ്ഞു.
കേരളത്തിൽ കൃഷി ചെയ്യുവാനായി ലഭ്യമായ സ്ഥലത്തിന്റെ നാലിലൊന്ന് മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷി ഓഫീസർമാരുടെ നിരന്തരമായ പ്രോത്സാഹനവും പ്രേരണയും മൂലമാണ് കുറച്ചെങ്കിലും ഇടങ്ങളിൽ കൃഷി ചെയ്യുന്നത്. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ നെൽകൃഷി മതിയാക്കി പച്ചക്കറി കൃഷി ആരംഭിച്ചതായും കാണാം. തലസ്ഥാന ജില്ലയിലാണ് നെൽകൃഷി ഗണ്യമായി കുറഞ്ഞിട്ടുള്ളത്.
സംസ്ഥാനത്ത് നെൽകൃഷി ഭൂമിയുടെ വിസ്തൃതി കുറഞ്ഞ് അപകടകരമായ നിലയിലേക്കെത്തുന്നതായിട്ടാണ് വിജിലൻസ് അന്വേഷണത്തിൽ നിന്നും കണ്ടെത്താനായത്. കേരളത്തിന്റെ നെല്ലറകൾ ചരിത്രത്തിന്റെ ഓർമകളിലേക്ക് മായുന്നുവോ നേർക്കണ്ണ് അന്വേഷിക്കുന്നു.