ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനപരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ഇതിൽ തന്നെ ചീഫ് ജസ്‌റ്റിസിനൊപ്പം ജ. എ.എം. ഖാൻവിൽക്കർ, ജ. ഇന്ദുമൽഹോത്ര എന്നിവർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്,റോഹിന്റൺ നരിമാൻ എന്നിവർ വിയോജനവിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജിൽ ഒതുങ്ങിയപ്പോൾ, വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മതാചാരങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളേയും വ്യക്തമായി നിർവചിക്കുന്നതിനുള്ള വിശാലമായ നിലപാട് ഏഴംഗ ബെഞ്ചിൽ നിന്ന് ഉണ്ടാകണമെന്നാണ് വിധിയുടെ ഉള്ളടക്കം. ഇതുപ്രകാരം ശബരിമല യുവതീ പ്രവേശനത്തിൽ വിധി പ്രസ്‌താവിക്കുന്നതിന് മുമ്പ് ഏഴുകാര്യങ്ങളിലാണ് വിശാലബെഞ്ച് ഇനി തീരുമാനമെടുക്കേണ്ടത്.
വിശാല ബെഞ്ച് പരിശോധിച്ച് തീരുമാനങ്ങൾ എടുക്കേണ്ട ഏഴുകാര്യങ്ങൾ
മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധി പ്രസ്‌താവത്തിൽ കോടതി പറഞ്ഞു. ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാർസി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങൾ പുലർത്താൻ അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു.
ശിരൂർ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂർ മഠക്കേസിൽ മതത്തിലെ ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസിൽ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി.
ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സർക്കാർ പ്രചാരണം നൽകണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന അക്രമ സമരങ്ങൾക്കെതിരെ ജസ്റ്റിസ് നരിമാൻ രൂക്ഷമായ വിമർശമാണ് ഭിന്നവിധിയിൽ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയിൽ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയിൽ പറയുന്നു.
ഫലത്തിൽ, ശബരിമല യുവതിപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തീർപ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. റിട്ട് ഹർജികളും സർക്കാരിന്റെ ഹർജികളും ചേർത്ത് മൊത്തം 65 ഹർജികൾ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയിൽ കേട്ടത്. മറ്റു കക്ഷികൾ വാദം എഴുതി നൽകുകയായിരുന്നു. 2018 സെപ്തംബർ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ദേവസ്വം ബോർഡ് സർക്കാരിനോട് യോജിച്ചു. എൻ.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.