ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണം ഉന്നയിച്ചതിനാണ് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നാണ് ബി.ജെ.പി പറയുന്നത്. രാഹുൽ ഗാന്ധി സുപ്രീം കോടതിയോട് മാത്രം മാപ്പ് പറഞ്ഞത് കൊണ്ടായില്ലെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കള്ളൻ എന്ന് വിളിക്കുക മാത്രമല്ല, ഫ്രാൻസിന്റെ മുൻ പ്രധാനമന്തിയുടെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനം ചെയ്യുകയും സുപ്രീം കോടതിയെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. പുനഃപരിശോധന ഹർജികൾ കോടതി ഇന്ന് തള്ളിക്കളഞ്ഞുവെന്നും കോടതിയിൽ നിന്നും രക്ഷപ്പെടുന്നതിനായി രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു തടി തപ്പിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ മുൻപിൽ രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നും രവിശങ്കർ പ്രസാദ് ആരാഞ്ഞു.
മോദി സർക്കാരിനെതിരായ റാഫേൽ അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹർജികളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും കോടതി തള്ളിയിട്ടുണ്ട്.
'കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു' എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് കോടതിയലക്ഷ്യത്തിലേക്ക് നയിച്ചത്. കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10:30ന് പുനഃപരിശോധനാ ഹർജിയിലെ വാദം കേട്ട ശേഷമായിരുന്നു വിധിപ്രസ്താവം.