beating

അഹമ്മദാബാദ്: കൊതുകുശല്യം സഹിക്കാൻ ആകാതെ ഭാര്യയും മകളും ഭർത്താവിനെ ഉലക്ക കൊണ്ട് തല്ലി പതംവരുത്തി. ഒടുവിൽ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് 40കാരനായ ഭൂപേന്ദ്ര എന്ന ഭർത്താവിനെ ഇവരുടെ കൈയിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നെറ്റിയിൽ ഉലക്ക കൊണ്ട് തല്ലിയതിന്റെ ഏഴു മുറിവുകളാണ് ഉള്ളത്. ഗുജറാത്തിലെ നരോദയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. എൽ.ഇ.ഡി ലൈറ്റുകൾ വിറ്റ് കുടുംബം പുലർത്തുന്ന ഭൂപേന്ദ്രയ്ക്ക് കച്ചവടം കുറവായതിനാൽ ഏറെ നാളുകളായി വരുമാനത്തിൽ ഇടിവ് നേരിടുന്നുണ്ട്. ഇത് കാരണം സമയത്ത് ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യത ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി ഇല്ലാത്തതിനാൽ വീട്ടിലെ ഫാനും പ്രവർത്തിക്കാതായപ്പോൾ കൊതുകിന്റെ ശല്യം രൂക്ഷമാകുകയായിരുന്നു.

കൊതുകുകടി സഹിക്കവയ്യാതെ ഭൂപേന്ദ്രയുടെ ഭാര്യ സംഗീത ഭർത്താവിനോട് പലതവണ ഇതേക്കുറിച്ച് പരാതി പറഞ്ഞു. കൊതുശല്യം കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്നും തന്നെ അവ കൂട്ടം ചേർന്ന് ആക്രമിക്കുകയാണെന്നുമാണ് സംഗീത ഭർത്താവിനോട് പറഞ്ഞത്. എന്നാൽ തന്റെ കൂടെ വന്ന് കിടന്നാൽ കൊതുകെല്ലാം പൊയ്ക്കൊള്ളും എന്നാണു ഭൂപേന്ദ്ര ഭാര്യയോട് തമാശരൂപേണ പ്രതികരിച്ചത്. കൊതുകുകടി കൊണ്ട് വശംകെട്ട ഭാര്യ ഈ തമാശ ആസ്വദിക്കാനുള്ള മനസ്ഥിതിയിൽ അല്ലായിരുന്നു. ഉടനെ തന്നെ അടുക്കളയിൽ പോയി ഉല്ലക്കയുമായി തിരിച്ചെത്തിയ സംഗീത തന്നെ അതുകൊണ്ട് ഇടവും വലവും തല്ലുകയായിരുന്നു എന്ന് ഭൂപേന്ദ്ര പറയുന്നു. അധികം താമസിയാതെ തന്നെ അച്ഛനെ തല്ലാൻ തന്റെ മകളും ഭാര്യയോടൊപ്പം ചേർന്നുവെന്നും ഭൂപേന്ദ്ര ഓർമിച്ചു. ഏതായാലും അമ്മയ്ക്കും മകൾക്കുമെതിരെ ഗുജറാത്ത് പൊലീസ് അതിക്രമം, ക്രിമിനൽ ഭീഷണി എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്.