തിരുവനന്തപുരം: കരമന​ കളിയിക്കാവിള പാതയിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ബാലരാമപുരത്ത് അടിയന്തര വികസന പദ്ധതി നടപ്പാക്കണമെന്നും വഴിമുക്ക് ​കളിയിക്കാവിള ഭാഗത്തെ അലയ്ൻമെന്റ് നിശ്ചയിച്ച് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പാതവികസന ആക്‌ഷൻ കൗൺസിൽ നാളെ ബാലരാമപുരം ജംഗ്ഷനിൽ പ്രതിഷേധ ജ്വാലാസംഗമം സംഘടിപ്പിക്കും. വൈകിട്ട് 5ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും. കരമന​ കളിയിക്കാവിള പാത വികസനത്തിന് കഴിഞ്ഞ വി.എസ് സർക്കാർ 2010 നവംബർ 16ന് പാപ്പനംകോട്ട് തറക്കല്ലിട്ടതിന്റെ ഒമ്പതാം വാർഷിക ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആക്ഷൻ കൗൺസിൽ രക്ഷാധികാരി കൂടിയായ പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുക്കും.