
ചെന്നൈ: കോയമ്പത്തൂരിൽ റെയിൽവെ പാളത്തിൽ ഇരിക്കുകയായിരുന്ന നാല് വിദ്യാർത്ഥികൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്.സുലൂരിലെ ഒരു സ്വകാര്യ എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ കൊടൈക്കനാൽ സ്വദേശി സോതിക് രാജ (22), നീലകോട്ടൈ സ്വദേശി രാജശേഖർ (22), രാജപാളയം സ്വദേശി കറുപ്പു സ്വാമി (22), ഗൗതം (22) എന്നിവരാണ് കൊല്ലപ്പെട്ടത്. അതീവ ഗുരുതരമായി പരിക്കേറ്റ വിശ്വനേഷിനെ (22) കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സുലൂർ-ഇരുഗുർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ ദിവസം രാത്രി 10.15 നും 11 നും ഇടയ്ക്കാണ് അപകടം നടന്നതെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ-ആലപ്പുഴ എക്സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചതെന്നാണ് സൂചന. ഇന്നലെ പുലർച്ചയോടെ പാളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സോതികും രാജശേഖറും അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളാണ്. ഇവരുടെ കോളജിൽ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.