ന്യൂഡൽഹി: ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) കണക്കാക്കി അധിക സ്‌പെക്‌ട്രം ഉപയോഗ ഫീസ് നൽകണമെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് വൊഡാഫോൺ-ഐഡിയയും ഭാരതി എയർടെല്ലും കഴിഞ്ഞപാദത്തിൽ കുറിച്ചത് റെക്കാഡ് നഷ്‌ടം.

50,921 കോടി രൂപയാണ് വൊഡാഫോൺ-ഐഡിയയുടെ നഷ്‌ടം. ഒരിന്ത്യൻ കമ്പനി കുറിക്കുന്ന ഏറ്റവും വലിയ ത്രൈമാസ നഷ്‌ടമാണിത്. 23,044.9 കോടി രൂപയാണ് ഭാരതി എയർടെല്ലിന്റെ നഷ്‌ടം. 2018ലെ സമാനപാദത്തിൽ കമ്പനി 118.8 കോടി രൂപയുടെ ലാഭം നേടിയിരുന്നു. എ.ജി.ആർ പ്രകാരം നൽകാനുള്ള ഫീസിലേക്ക് നിശ്‌ചിത തുക വകയിരുത്തേണ്ടി (പ്രൊവിഷൻ) വന്നതാണ് കഴിഞ്ഞപാദത്തിൽ ഇരുകമ്പനികൾക്കും തിരിച്ചടിയായത്.

28,450 കോടി രൂപയാണ് എ.ജി.ആർ ബാദ്ധ്യത തീർക്കാനായി എയർടെൽ വകയിരുത്തിയത്. 33,010 കോടി രൂപയാണ് വൊഡാഫോൺ-ഐഡിയയുടെ ബാദ്ധ്യത. എ.ജി.ആർ ബാദ്ധ്യത ഒഴിവാക്കാനോ ഇളവ് നൽകാനോ തയ്യാറാകണമെന്നുള്ള ടെലികോം കമ്പനികളുടെ അഭ്യർത്ഥന കേന്ദ്രസർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഗോപാൽ വിട്ടൾ പറഞ്ഞു. ഭാരതി എയർടെല്ലിന്റെ ഓഹരികൾ ഇന്നലെ 1.59 ശതമാനം നഷ്‌ടത്തോടെ, 362.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വൊഡാഫോൺ-ഐഡിയയുടെ ഓഹരിവില ഇന്നലെ 21 ശതമാനം ഇടിഞ്ഞ് 2.90 രൂപവരെ താഴ്‌ന്നു.

₹50,921 കോടി

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വൊഡാഫോൺ-ഐഡിയയുടെ നഷ്‌ടം 50,921 കോടി രൂപ. 2018ലെ സമാനപാദത്തിൽ നഷ്‌ടം 4,947 കോടി രൂപയായിരുന്നു.

നമ്പർ വൺ നഷ്‌ടം!

ഒരിന്ത്യൻ കമ്പനി ഒരു സാമ്പത്തിക പാദത്തിൽ കുറിച്ച ഏറ്റവും വലിയ നഷ്‌ടമാണ് വൊഡാഫോൺ-ഐഡിയയുടേത്. 2018 ഒക്‌ടോബർ - ഡിസംബർ പാദത്തിൽ ടാറ്റാ മോട്ടോഴ്‌സ് കുറിച്ച 26,933 കോടി രൂപയാണ് പഴങ്കഥയായത്.

₹23,044.9 കോടി

ഭാരതി എയർടെല്ലിന്റെ നഷ്‌ടം കഴിഞ്ഞപാദത്തിൽ 23,044.9 കോടി രൂപ.

എയർടെല്ലിന്റെ നേട്ടം

 വരുമാനം 4.9% ഉയർന്ന് 21,131 കോടി രൂപയായി.

 ഇന്ത്യയിലെ വരുമാനം മാത്രം 3% ഉയർന്ന് 15,361 കോടി രൂപയിലെത്തി.

 നികുതി, പലിശ ബാദ്ധ്യതകൾക്ക് ശേഷമുള്ള വരുമാനത്തിലെ വർദ്ധന 85.2 ശതമാനം

 ഡാറ്റ ഉപയോഗ വളർച്ച : 81%

 പുതിയ 4ജി വരിക്കാർ : 80 ലക്ഷം

കോട്ടം

 കേന്ദ്രസർക്കാരിന് നൽകാനുള്ള എ.ജി.ആർ കുടിശിക വീട്ടാനായി ₹28,480 കോടി രൂപ വകയിരുത്തേണ്ടി വന്നു.

വൊഡാ-ഐഡിയ

പാപ്പരാകുമോ?

-ഐഡിയയിൽ കൂടുതൽ നിക്ഷേപത്തിനില്ലെന്ന്, ആദിത്യ ബിർള ഗ്രൂപ്പ് വ്യക്തമാക്കിയെന്ന് സൂചന. എ.ജി.ആർ ബാദ്ധ്യതയിൽ കേന്ദ്രം ഇളവ് നൽകുന്നില്ലെങ്കിൽ വൊ‌ഡാഫോൺ-ഐഡിയയെ പാപ്പരത്ത നടപടിയിലേക്ക് നയിക്കാനാണ് ആദിത്യ ഗ്രൂപ്പിന്റെ നീക്കമെന്നും അറിയുന്നു. ഇംഗ്ളണ്ടിലെ വൊഡാഫോൺ ഗ്രൂപ്പിന്റെയും ആദിത്യ ബിർളയുടെ ഐഡിയയുടെയും സംയുക്ത സംരംഭമാണ് വൊഡാഫോൺ-ഐഡിയ. വരുമാനം, വരിക്കാർ‌ എന്നിവയിൽ കനത്ത നഷ്‌ടം നേരിടുമ്പോഴാണ് ഇരുട്ടടിയായി കമ്പനിക്കുമേൽ എ.ജി.ആർ ബാദ്ധ്യതയുമെത്തിയത്.