sabarimala-

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിനിടെ ശബരിമല ദർശനത്തിനായി 36 യുവതികൾ ഓൺലൈനായി അപേക്ഷ നൽകി. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദർശനത്തിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ സംവിധാനം വഴി യുവതികൾ അപേക്ഷ നൽകിയ വിവരം പുറത്തുവരുന്നത്.

ശബരിമലയിലെ യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകുമെന്ന് ലിംഗസമത്വ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയിൽ തൃപ്തി ദേശായി എത്തിയെങ്കിലും.ദര്‍ശനം നടത്താനായില്ല. തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു.

താൻ വീണ്ടും ശബരിമലയിലെത്തുമെന്ന് കഴിഞ്ഞതവണ ദർശനം നടത്തിയ കനകദുർഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്‌റ്റേ ചെയ്യാത്ത സ്ഥിതിക്ക് താൻ വീണ്ടും ശബരിമല ദർശനം നടത്തുമെന്നും കനകദുർഗ പറഞ്ഞു.

അതേസമയം സുപ്രിംകോടതി വിധി നിരാശപ്പെടുത്തുന്നതും തുല്യതയ്ക്ക് എതിരാണെന്നും കനകദുർഗയ്‌ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു അമ്മിണി പ്രതികരിച്ചു. ശബരിമലയിൽ പോകാൻ ആരെങ്കിലും സമീപിച്ചാൽ താൻ മുന്നിലുണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.