brics

മോസ്കോ: ബ്രസീലിൽ നടന്ന 11ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി,​ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസൊനാരോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി പുടിനും മോദിയും ചർച്ച നടത്തി. ഇക്കൊല്ലം ഇരുവരും തമ്മിലുള്ള നാലാമത്തെ കണ്ടുമുട്ടലാണിത്. കൂടിക്കാഴ്ചക്കിടെ, അടുത്തവർഷം മേയിൽ റഷ്യയിൽ നടക്കുന്ന 'വിക്ടറി ഡേ' ആഘോഷത്തിൽ പങ്കെടുക്കാൻ നരേന്ദ്രമോദിയെ പുടിൻ ക്ഷണിച്ചു. 'അടിക്കടിയുള്ള കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തു'മെന്ന് മോദി ചർച്ചയ്ക്കിടെ പരാമർശിച്ചിരുന്നു.

'നമ്മുടെ പരസ്പര ബന്ധം വളരുകയാണ്. മേയിൽ റഷ്യ സന്ദർശിക്കാനുള്ള ക്ഷണം വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. വീണ്ടും കണ്ടുമുട്ടാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു.'- മോദി പറഞ്ഞു.

സാമ്പത്തിക രംഗം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോദിയും ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോയും ചർച്ച നടത്തിയത്. ചർച്ച വളരെ ഫലവത്തായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ജനങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കാനുമുള്ള വിഷയങ്ങൾ സംസാരിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു. പൊതുവായ ആഗോള വീക്ഷണത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. 2020ലെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ബോൾസൊനാരോയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച ബോൾസൊനാരോ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വ്യാപാരമുൾപ്പെടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സംസാരിച്ചത്. കഴിഞ്ഞ മാസം ചെന്നൈയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ ഇരുവരും മറ്റൊരു ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.