പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ, യുവതികൾ ദർശനത്തിന് എത്തിയാലുളള സ്ഥിതിയെപ്പറ്റി കടുത്ത ആശങ്കയിലാണ് പൊലീസ്.
ദർശനം നടത്താൻ 36 യുവതികൾ ഒാൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപകയും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുളള വിധി സ്റ്റേ ചെയ്യാത്തതിനാൽ യുവതികൾക്ക് ശബരിമലയിൽ എത്താൻ വിലക്കുണ്ടാവില്ല.യുവതികൾ എത്തിയാൽ തടയുമെന്ന് ശബരിമല കർമ്മ സമിതിയും സംഘപരിവാർ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.സർക്കാരിന്റെ നിിലപാടാണ് ഇനി നിർണ്ണായകം.
സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ തീർത്ഥാടനകാലത്ത് ശബരിമലയിലേക്ക് വന്ന യുവതികളെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഭക്തർ പമ്പയിലും സന്നിധാനത്തും മൂന്ന് മണിക്കൂറിൽ കൂടുതൽ തങ്ങാൻ പാടില്ലെന്ന പൊലീസിന്റെ കടുത്ത നിയന്ത്രണം കാരണം അന്ന് ദേവസ്വം ബോർഡിന് വരുമാനത്തിലും വ്യാപാരികൾക്ക് കച്ചവടത്തിലും വലിയ നഷ്ടങ്ങളുണ്ടായി.വിധി സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനാൽ ഇത്തവണ പമ്പയിലെയും സന്നിധാനത്തെയും കടകൾ ലേലത്തിലെടുക്കാൻ വ്യാപാരകൾ മടിച്ചു. അടിസ്ഥാന ലേല വിലയിൽ 30 ശതമാനം കുറയ്ക്കാൻ ദേവസ്വം ബോർഡ് തയ്യാറായതോടെയാണ് വ്യാപാരികൾ സഹകരിച്ചത്.