ഇസ്ളാമാബാദ്: ഇന്ത്യൻ സേനയെ ആക്രമിക്കാൻ ഭീകരർക്ക് പാക് മണ്ണിൽ ആയുധ പരിശീലനം നൽകി കാശ്മീർ അതിർത്തി വഴി കടത്തി വിട്ടിരുന്നതായി പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ തുറന്നു പറച്ചിൽ. ഒരു അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉസാമ ബിൻലാദൻ, സവാഹിരി, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ കൊടും ഭീകരന്മാർ പാകിസ്ഥാനികൾക്ക് വീരപുരുഷന്മാരാണെന്നും മുഷാറഫ് പറഞ്ഞു.
‘‘കാശ്മീരിൽ നിന്നെത്തുന്ന യുവാക്കൾക്ക് ഞങ്ങൾ ആയുധ പരിശീലനവും ആയുധവും നൽകി. ഇന്ത്യൻ സേനയ്ക്കെതിരെ പോരാടിയ അവർ ഞങ്ങളുടെ ഹീറോകൾ ആയിരുന്നു. സോവിയറ്റുകളെ പുറത്താക്കാൻ 1979ൽ അഫ്ഗാനിസ്ഥാനിൽ ഞങ്ങൾ മതപരമായ ആക്രമണം തുടങ്ങിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുജാഹിദ്ദീനുകളെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് ആയുധം നൽകി. താലിബാനെയും ലഷ്കറിനെയും സഹായിച്ചു. ബിൻലാദനും സവാഹിരിയും പോലുള്ളവരെ ഒടുവിൽ ലോകം വില്ലൻമാരായി ചിത്രീകരിച്ചു."- മുഷാറഫ് അഭിമുഖത്തിൽ പറയുന്നു.