rafale

ന്യൂഡൽഹി : റാഫേൽ യുദ്ധവിമാന ഇടപാടിൽ കഴിഞ്ഞ ഡിസംബർ 14ന് പ്രസ്‌താവിച്ച വിധിയിൽ സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംഭവിച്ച പിശക് കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം തിരുത്തുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു.

റാഫേൽ വിമാനത്തിന്റെ വിലവിവരം സി.എ.ജിക്ക് നൽകിയിട്ടുണ്ടെന്നും അവരത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് നൽകിയതിനാൽ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പാർലമെന്റിൽ വച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിൽ ലഭ്യമാണെന്നും വിധിയിൽ പരാമർശിച്ചിരുന്നു. സി.എ.ജിക്ക് നൽകിയ റിപ്പോർട്ട് പി.എ.സിക്ക് നൽകുമെന്നാണ് അറ്റോർണി ജനറൽ ഉദ്ദേശിച്ചതെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്നും കോടതി വിശദീകരിച്ചു. കോടതി ഒരു നിഗമനത്തിൽ എത്തിയതല്ല. കാര്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നതു മാത്രമാണ് ശ്രദ്ധിച്ചത്.

പാർലമെന്റിൽ റാഫേലുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് വന്നിട്ടില്ലെന്ന് അന്നത്തെ പി.എ.സി ചെയർമാൻ മല്ലികാർജ്ജുന ഖാർഗെയും സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹർജിക്കാരും ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാർ തിരുത്ത് ആവശ്യപ്പെട്ടത്.