വമ്പൻ താരനിരയോട് ഏറ്റുമുട്ടാൻ യുവതാര നിരയുമായി ഒമർ ലുലു എത്തുന്നു.. ക്രിസ്മസ് റിലീസ് ആയി കേരളത്തിലെ തിയേറ്ററുകളിൽ വമ്പൻ സിനിമകളാണ് എത്തുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും ദിലീപിനും പൃഥ്വിരാജിനും ഒപ്പം യുവ താരനിരയുമായി ഒമർ ലുലുവും 'ധമാക്ക' എന്ന ചിത്രത്തിലൂടെ എത്തുന്നുണ്ട്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി.
സിനിമയിലേക്ക് എത്തിയ അരുൺ ആദ്യമായി 'ധമാക്ക'യിലെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഒമർ ലുലു തന്നെ സംവിധാനം ചെയ്ത 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിൽ അരുൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിക്കി ഗൽറാണി ആണ് അരുണിന്റെ നായികയായി എത്തുന്നത്.
ഇതിനു മുൻപ് ചെയ്ത സിനിമകൾ പോലെത്തന്നെ 'ധമാക്ക'യിലും പുതുമുഖങ്ങൾക്ക് തന്നെയാണ് ഒമർ ലുലു മുൻതൂക്കം നൽകിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമാണ് ബ്ലെസ്ലി എന്ന പുതുമുഖ സംഗീത സംവിധായകൻ. 'ധമാക്ക'യിലെ പുറത്തു വന്ന രണ്ടു പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇനി പുറത്തു വരാൻ ഇരിക്കുന്ന മൂന്നാമത്തെ ഗാനം ഒരുക്കിയിരിക്കുന്നത് ബ്ലെസ്ലി ആണ്. മുകേഷ്, ഇന്നസെന്റ്, ഉർവ്വശി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഷാലിൻ സോയ എന്നിവരാണ് 'ധമാക്ക'യിലെ മറ്റു പ്രധാന താരങ്ങൾ. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കെ നാസർ ആണ് 'ധമാക്ക' നിർമ്മിക്കുന്നത്.