maharashtra

മുംബയ്: രാഷ്ട്രപതിഭരണത്തിലായ മഹാരാഷ്ട്രയിൽ കോൺഗ്രസ് പിന്തുണയോടെ എൻ. സി. പി - ശിവസേന സർക്കാർ രൂപീകരിക്കാൻ പൊതുമിനിമം പരിപാടി തയ്യാറായി. മൂന്ന് പാർട്ടികളുടെയും നേതാക്കൾ രണ്ട് ദിവസമായി ഇവിടെ നടത്തിയ ചർച്ചയിൽ പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം ആയെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ട്വിറ്ററിൽ അരിയിച്ചു.

ശിവസേന, കോൺഗ്രസ്, എൻ. സി. പി നേതാക്കളുടെ സംയുക്ത യോഗം ഇന്നലെ ഇവിടെ ചേർന്ന് തയ്യാറാക്കിയ കരട് അംഗീകാരത്തിനായി മൂന്ന് പാർട്ടികളുടേയും അദ്ധ്യക്ഷൻമാർക്ക് സമർപ്പിക്കും. മൂവരും ഇത് അംഗീകരിച്ചാൽ ഗവർണറെ സർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

കർഷക ലോൺ എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സൂചന.

മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച തുടരുകയാണ്. എൻ.സി.പി.യും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷംവീതം പങ്കിടുന്നതിലും സ്‌പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുന്നതിലും ഏകദേശ ധാരണയായെന്നാണ് സൂചന.

ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസ്, എൻ.സി.പി. നേതാക്കളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ അങ്ങോട്ടുപോയി കാണുന്ന പതിവില്ലാത്ത ഉദ്ധവ് നേരിട്ടു ചർച്ചയ്‌ക്കെത്തുകയായിരുന്നു.

നിയമസഭ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതിനാൽ, സർക്കാർ രൂപീകരികരിക്കാൻ ആവശ്യമായ അംഗങ്ങളുടെ പിന്തുണ ബോദ്ധ്യപ്പെടുത്തുന്നവരെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കാം. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ബി.ജെ.പി.യും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി വഴിപിരിഞ്ഞതോടെ സർക്കാർ രൂപീകരണം അനിശ്‌ചിതത്വത്തിലാവുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയുമായിരുന്നു.