തിരുവനന്തപുരം: ആരാധനാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി അളന്നു തിരിച്ച് ഏറ്റെടുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് പാട്ടത്തിനോ, കമ്പോള വില ഈടാക്കിയോ പതിച്ചുനൽകുന്നത് പരിഗണിക്കും. ഉടമസ്ഥരില്ലാത്തതിന്റെ പേരിൽ ഏറ്റെടുത്ത 6282.67 ഏക്കർ ഭൂമി വികസന പ്രവർത്തനങ്ങൾക്കും ഭൂരഹിതർക്ക് കൃഷി ചെയ്യുന്നതിനും ഭവനരഹിതർക്ക് വീട് വച്ചു നൽകുന്നതിനും ഉപയോഗിക്കും. സംസ്ഥാനത്തെ പുറമ്പോക്ക് ഭൂമി 22.63 ലക്ഷം ഏക്കറാണ്. പാട്ടക്കുടിശിക വരുത്തിയ ക്ലബുകൾക്ക് പാട്ടക്കരാർ പുതുക്കാൻ അവസരം നൽകും. പുതുക്കാത്തവരുടെ ഭൂമി തിരിച്ചെടുക്കും.
ലോട്ടറി: ലഭിച്ചത് 25,000 കോടി
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലോട്ടറി വില്പനയിലൂടെ 25,691.86 കോടി രൂപ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 2016-17ൽ 7394.91 കോടിയും 17-18ൽ 9034.25 കോടിയും18-19ൽ 9262.70 കോടിയുമാണ് ലഭിച്ചത്. ഇക്കാലയളവിൽ 11907.58 കോടി സമ്മാനത്തുകയായി വിതരണം ചെയ്തു. 2016-17ൽ 3016.71 കോടിയും 17-18ൽ 4303.17 കോടിയും 18-19ൽ 4587.70 കോടിയുമാണ് സമ്മാനത്തുകയായി നൽകിയത്.