memmo-

തിരുവനന്തപുരം: 'കാട് പൂക്കുന്ന നേരം' എന്ന സിനിമയിൽ മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പൊലീസുകാരന് ജില്ലാപൊലീസ് മേധാവി മെമ്മോ അയച്ചു. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനാണ് ജില്ലാ പൊലീസ് മേധാവി എ.വി ജോർജ് മെമ്മോ അയച്ചിരിക്കുന്നത്.

പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത യു..എ..പി..എ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം നിലനിൽക്കുന്ന സന്ദർഭത്തിൽ പൊലീസിന്റെ മാവോയിസ്റ്റ് നടപടികളെയും യു..എ.പി.എ പ്രകാരമുള്ള നടപടികളെയും വിമർശിക്കുന്ന 'കാടു പൂക്കുന്ന നേരം' എന്ന സിനിമയുടെ ഒരു രംഗത്തിന്റെ ഫോട്ടോയും സംഭാഷണത്തിന്റെ ലിങ്കും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി.

അതേസമയം, പൊലീസിന്റെ നടപടിക്കെതിരെ 'കാട് പൂക്കുന്ന നേരം' ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ അഞ്ചു പ്രധാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും കിട്ടിയ ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ആണ് കേരളാ പൊലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡോ. ബിജു ആരോപിച്ചു.