ഭുവനേശ്വർ : വിഖ്യാതമായ ടൈം മാഗസിൻ വ്യവസായം, വിനോദം, കായികം, രാഷ്ട്രീയം, ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഭാവിയിലെ 100 പ്രധാന വ്യക്തികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യൻ വനിതാ അത്ലറ്റ് ദ്യുതി ചന്ദും. 100 മീറ്ററിലും 200 മീറ്ററിലും ദേശീയ ചാമ്പ്യനായ ദ്യുതി 2020 ടോക്കിയോ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിലാണ്.
ജൂലായിൽ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ദ്യുതി റെക്കാഡിട്ടിരുന്നു
അടുത്തിടെ തന്റെ കൂട്ടുകാരിയെ ജീവിതസഖിയാക്കുമെന്ന ദ്യുതിയുടെ വെളിപ്പെടുത്തൽ വിവാദം സൃഷ്ടിച്ചിരുന്നു.
പിച്ചിനെ തോണ്ടി വോഗൻ
ലണ്ടൻ : ഇന്ത്യയിലെ പിച്ചുകളെ കളിയാക്കുന്നത് ശീലമാക്കിയ മുൻഇംഗ്ളണ്ട് ക്യാപ്ടൻ മൈക്കേൽ വോഗൻ നാഗ്പൂരിൽ ബംഗ്ളാദേശിനെതിരായ ടെസ്റ്റിനുള്ള പിച്ചിനെയും പരിഹസിച്ച് രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് മോഗന്റെ പരിഹാസം. നാഗ്പൂരിലെ പിച്ചിൽ ഇന്ത്യൻ പേസർമാർ ചേർന്ന് ബംഗ്ളാദേശിനെ 150 റൺസിന് ചുരുട്ടിക്കൂട്ടിയതിന് പിന്നാലെയായിരുന്നു നിലവാരം കുറഞ്ഞ പിച്ചെന്ന് വിശേഷിപ്പിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പൂനെ ടെസ്റ്റിനുള്ള പിച്ചിനെ വിരസമായത് എന്നാണ് വോഗൻ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ പിച്ചുകൾ ബൗളർമാർക്ക് പ്രയോജനപ്രദമല്ലെന്നാണ് വോഗന്റെ പ്രധാന ആക്ഷേപം.
കോസ്റ്റയ്ക്ക് നട്ടെല്ലിന് പരിക്ക്
മാഡ്രിഡ് : അത്ലറ്റിക്കോ മാഡ്രിഡിനു വേണ്ടി കളിക്കുന്ന സ്പാനിഷ് സ്ട്രൈക്കർ ഡീഗോ കോസ്റ്റയുടെ നട്ടെല്ലിലെ ഡിസ്കിന് സ്ഥാനചലനമുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസമായി കോസ്റ്റ കഴുത്തിന് വേദന അനുഭവപ്പെടുന്നായി ക്ളബ് അധികൃതരെ അറിയിച്ചിരുന്നു. ഇന്നലെ വിശദ പരിശോധനയിലാണ് ഡിസ്കിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്.
എത്ര നാൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ക്ളബ് അറിയിച്ചിട്ടില്ല. ഏതായാലും ഈ മാസം 23ന് ഗ്രനാഡയ്ക്കെതിരെ നടക്കുന്ന ലാലിഗ മത്സരത്തിൽ കോസ്റ്റ കളിക്കാനുണ്ടാവില്ല. 31കാരനായ കോസ്റ്റ 2018 ജനുവരിയിലാണ് ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ നിന്ന് അത്ലറ്റിക്കോയിലേക്ക് വീണ്ടുമെത്തിയത്.