ഹോംഗ്കോംഗ് : പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ കെ. ശ്രീകാന്ത് ഹോംഗ്കോംഗ് ഓപ്പൺ ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയപ്പോൾ വനിതാ വിഭാഗത്തിൽ പി.വി. സിന്ധുവും പുരുഷ വിഭാഗത്തിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്യും പ്രീക്വാർട്ടറിൽ പുറത്തായി.
മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്ത് പ്രീക്വാർട്ടറിൽ ഇന്ത്യൻ താരമായ സൗരദ്വർമ്മയെ 21-11, 15-21, 21-19നാണ് തോൽപ്പിച്ചത്. ഏഴ് മാസത്തിനു ശേഷമാണ് ശ്രീകാന്ത് ഒരു ടൂർണമെന്റിൽ ക്വാർട്ടറിലെത്തുന്നത്. പ്രീ ക്വാർട്ടറിൽ ഇന്തോനേഷ്യൻ താരം ജൊനാഫൻ ക്രിസ്റ്റ് 21-12, 21-19 നാണ് പ്രണോയ്യെ കീഴടക്കിയത്.
തായ്ലൻഡ് താരം ബുസാനർ ഓംഗ് ബാംറുംഗ് ഫാനാണ് 21-18, 11-21, 21-16 എന്ന സ്കോറിന് പ്രീക്വാർട്ടറിൽ സിന്ധുവിനെ കീഴടക്കിയത്.
അജിങ്ക്യ രഹാനെ
ഡൽഹി ക്യാപ്പിറ്റൽസിൽ
ന്യൂഡൽഹി : ഐ.പി.എൽ ക്ളബ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഏറ്റവും പരിചയ സമ്പന്നനായ താരം അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് വിറ്റു. പകരം ഡൽഹിയിൽ നിന്ന് ലെഗ്സ്പിന്നർ മായാങ്ക് മാർഖണ്ഡയെയും ആൾ റൗണ്ടർ രാഹുൽ തെവാതിയെയും സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനായി 100 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 24 എണ്ണത്തിൽ ക്യാപ്ടനായിരുന്നു. ക്ളബിന്റെ ടോപ് റൺ സ്കോററും (2810)രഹാനെ തതന്നെ.