ukg-

ഹൈദരാബാദ്: സ്കൂൾ ഹോസ്റ്റലിൽ വച്ച് തിളച്ചുപൊന്തുന്ന സാമ്പാറിൽ വീണ് യു.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് ആറ് വയസുകാരൻ മരിച്ചത്. വിജയനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

പുരുഷോത്തം റെഡ്ഢി എന്ന വിദ്യാർത്ഥിയാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാർ പാത്രത്തിൽ വിദ്യാർത്ഥി വീഴുകയായിരുന്നു. തിളച്ചുപൊങ്ങിയ സാമ്പാറിൽ വീണ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ രംഗത്ത് എത്തി. കുട്ടിയുടെ പഠനത്തിനായി ആയിരങ്ങളാണ് ഫീസ് വാങ്ങുന്നത്. എന്നാൽ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

സംഭവത്തിൽ പ്രതികരിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായിട്ടില്ല. സ്‌കൂളിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.