helen-malayalam-movie

ത്രില്ലറുകൾ ഒരുപാട് ഉണ്ടെങ്കിലും അതിജീവനത്തിന്റെ കഥ പറഞ്ഞ മലയാള സിനിമകൾ ചുരുക്കമാണ്. അടുത്തക്കാലത്തെങ്ങും അങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല. അന്യഭാഷാ സിനിമകൾ ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ മലയാളത്തിൽ അത് കിട്ടാക്കനിയാണ്. സർവൈവൽ അഥവാ അതിജീവനം ഇതിവൃത്തമായ മലയാള സിനിമയ്ക്കു വേണ്ടി കാത്തിരിപ്പിന് വിരാമമായി-മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ കേന്ദ്രകഥാപാത്രമാകുന്ന 'ഹെലൻ' ആ ഗണത്തിലെ ചിത്രമാണ്.

കാന‌ഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു നഴ്സിംഗ് ബിരുദധാരിയാണ് ഹെലൻ. അച്ഛൻ മാത്രമുള്ള ഹെലൻ പാർട്ട് ടൈമായി ഒരു മാളിലെ ഫുഡ് ജോയിന്റിൽ ജോലി ചെയ്യുന്നു. അച്ഛൻ പോളിന് മകളാണ് സർവ്വതും, അതുകൊണ്ട് തന്നെ അവളുടെ കാനഡ മോഹത്തിനോട് അദ്ദേഹത്തിന് അത്ര യോജിപ്പില്ല. ഹെലന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വ്യക്തിയാണ് കാമുകനായ അസർ. അവരുടെ പ്രണയം വീട്ടിൽ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഒരു പ്രശ്നം മറ്റൊന്നിലേക്ക് വഴിയാകുന്നു-സദാചാര പൊലീസിംഗ് മുഖേന ഹെലന്റെ ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയുകയും അച്ഛൻ മകളോട് പിണങ്ങുകയും ചെയ്യുന്നു. ഇത് മൂലം ഹെലൻ അസറിനോടും മിണ്ടാതെയാകുന്നു. കൂട്ടത്തിൽ ജോലി സ്ഥലത്ത് കിട്ടുന്ന ശകാരം കൂടിയായപ്പോൾ ഹെലൻ ആകെ തളർന്നു പോകുന്നു. അന്നേദിവസം ഫുഡ് ജോയിന്റിൽ സഹപ്രവർത്തകരെക്കാൾ താമസിച്ചാണ് ഹെലൻ ഇറങ്ങാൻ തുടങ്ങിയത്. ഇറങ്ങും മുൻപ് കോൾഡ് സ്റ്റോറേജിൽ അവൾക്ക് പോകേണ്ടതായി വരികയും നിർഭാഗ്യവശാൽ ആ മുറിക്കുള്ളിൽ അകപ്പെടുകയും ചെയ്യുന്നു. എ.സി.യുടെ തണുപ്പ് പോലും അസഹനീയമാകുന്ന സാഹചര്യമുണ്ടാകുമ്പോൾ മൈനസ് താപനിലയുള്ള ഒരു മുറിയിൽ ഒരു ജീവനും അധികനേരം അതിജീവിക്കില്ല. അക്ഷരാർത്ഥത്തിൽ മരണത്തിനെതിരെയുള്ള നേർക്കുനേർ പോരാട്ടമാണ് ഹെലൻ അവിടെ നിന്നങ്ങോട്ട് നയിക്കുന്നത്. തന്റെ അറിവും സംയമനവും മനോബലവും അവൾക്ക് തുണയാകുമോ എന്ന് കണ്ടറിയേണ്ടതാണ്.

helen-malayalam-movie

മുറിയിൽ അകപ്പെടുന്ന ഹെലന് കൂട്ടായി ഒരു എലി എത്തുന്നുണ്ട്. മനുഷ്യൻ തുരത്തുകയും മനുഷ്യനെ കണ്ടാൽ ഓടിയൊളിക്കുകയും ചെയ്യുന്ന ആ ജീവിയും ഹെലനും തമ്മിൽ വളരെ ചുരുക്ക നേരം കൊണ്ട് ഉടലെടുക്കുന്ന ബന്ധം നൽകുന്ന സന്ദേശം വളരെ വലുതാണ്-അതിജീവനമാണ് എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന വികാരമെന്നും അതിന് മനുഷ്യനും മൃഗവും തമ്മിൽ അന്തരം ഇല്ലാ എന്നും. അതിജീവിക്കാൻ ഒരുമിച്ച് നിൽക്കണമെന്നത് ഇതോടൊപ്പം ചേർത്ത് വായിക്കണം.

helen-malayalam-movie


കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന കഥാപാത്രത്തിലൂടെ പ്രീയങ്കരിയായ അന്ന ബെന്നിനെ പിന്നെയൊരു ചിത്രത്തിൽ കാണാനായില്ല. തന്റെ രണ്ടാം ചിത്രത്തിൽ ഹെലൻ എന്ന ശക്തമായ വേഷത്തിലൂടെ വീണ്ടും അവിസ്മരണീയമാക്കിയിരിക്കുകയാണ് അന്ന. ചിത്രത്തിന്റെ ആത്മാവാണ് ഹെലൻ. നായികയുടെ അച്ഛനായ പോൾ എന്ന കഥാപാത്രം ലാൽ ഭംഗിയാക്കി. നോബിൾ ബാബു തോമസ്,​ അജു വർഗീസ്,​ റോണി ഡേവിഡ് രാജ,​ ബിനു പപ്പു എന്നിവർക്കൊപ്പം ചില പുതുമുഖങ്ങളെയും ചിത്രം അവതരിപ്പിക്കുന്നുണ്ട്.

കുറ്റം പറയത്തക്കതായി ചിത്രത്തിലൊന്നും ഇല്ലെങ്കിലും ക്ളിഷേകൾ ചിലയിടത്ത് കടന്നു കൂടുന്നുണ്ട്. രണ്ടാം പകുതിയിൽ ചിലയിടത്ത് ചിത്രത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതെല്ലാം അവസാനത്തോടെ തിരിച്ചുപിടിക്കാൻ സംവിധായകന് കഴിയുന്നു.

helen-malayalam-movie

മാത്തുക്കുട്ടി സേവ്യർ എന്ന നവാഗത സംവിധായകന്റെ കടന്ന് വരവ് ഒട്ടേറെ ഫീൽ ഗുഡ് നിമിഷങ്ങൾ നൽകുന്ന ഒരു സർവൈവൽ ഡ്രാമയിലൂടെയാണ്. ചിത്രത്തിലെ കാസ്റ്റിംഗ് മുതൽ എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. സംവിധായകന്റെ ക്രാഫ്റ്റിനോടൊപ്പം തന്നെ പ്രശംസിക്കാവുന്നതാണ് ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രന്റെ കാമറ വർക്കും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും. ഇതെല്ലാം ചേർന്ന് ജനിപ്പിക്കുന്നതാണ് ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ. എന്നാൽ ഒരുപാട് ഡാർക്ക് മൂഡിലേക്ക് ചിത്രം പോകുന്നില്ല. ത്രില്ലറാണെങ്കിലും ഒരു കുടുംബചിത്രത്തിന്റെ അനുഭവം 'ഹെലൻ' നൽകുന്നുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് പുഞ്ചിരിയുണ്ടാകണമെന്ന് വിനീത് ശ്രിനിവാസന്റെ തത്വം അദ്ദേഹം നിർമാതാവാകുന്ന ഈ സിനിമയിലും അവലംബിച്ചിട്ടുണ്ട്.

വാൽക്കഷണം: ചിരി നല്ലതാണ്

റേറ്റിംഗ്: 3.5/5