ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം അടുത്ത വർഷം നവംബറിൽ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു. രണ്ടു മാസം മുമ്പ് വിക്ഷേപിച്ച ചന്ദ്രയാൻ - 2 ദൗത്യം, അവസാന നിമിഷം ലാൻഡർ നിയന്ത്രണം വിട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. അടുത്ത വർഷം നവംബറിൽ ഉചിതമായ ലോഞ്ച് വിൻഡോ ഉള്ളതിനാലാണ് അപ്പോൾ വിക്ഷേപിക്കാൻ ആലോചിക്കുന്നത്.
പുതിയ ദൗത്യത്തിന്റെ വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി.. ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ പിഴവുകൾ പരിഹരിച്ചായിരിക്കും പുതിയ ദൗത്യം. പരാജയപ്പെട്ട ദൗത്യത്തിലെ ലാൻഡറും റോവറും ലാൻഡിംഗ് ഓപ്പറേഷനും ഉൾപ്പെടെ എല്ലാ സാങ്കേതിക വിദ്യകളും പരിഷ്കരിക്കും. മുൻ ദൗത്യത്തിലെ പിഴവുകൾ വലിയമല എൽ.പി.എസ് കേന്ദ്രത്തിന്റെ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി കൃത്യമായി കണ്ടെത്തിയിരുന്നു. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് സ്പേസ് കമ്മിഷന് സമർപ്പിച്ചു.