sabarimala

തിരുവനന്തപുരം: ശബരിമലയിലേക്ക് തൽക്കാലം യുവതികളെ പ്രവേശിക്കേണ്ടെന്ന നിലപാടിൽ സർക്കാർ. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാൽ വിധിയിലെ സങ്കീർണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സർക്കാരിന്റെ ആലോചന. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകനോട് സർക്കാർ നിയമോപദേശം തേടും. തുടർ നടപടികൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിൻമേലുള്ള പുനഃപരിശോധന ഹർജിയിൽ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സർക്കാരിന് ആശയകുഴപ്പമുണ്ടായത്. വിധിയെ സംബന്ധിച്ച് നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. അന്തിമമവിധി വരുന്നത്‌വരെ യുവതീ പ്രവേശം തടഞ്ഞ് എങ്ങനെ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ആലോചന.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ സ്വീകരിക്കേണ്ട തുടർനിലപാടുകൾ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ദേവസ്വംബോർഡും തീരുമാനിക്കുക. ഇന്ന് പുതിയ ബോർഡിന്റെ ആദ്യ യോഗം ചേരുമെങ്കിലും, ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കുകയുള്ളു.

യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളാണ് സുപ്രീംകോടതി മാറ്റിവച്ചത്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ ഏഴംഗ വിശാലബെഞ്ച് രൂപീകരിക്കാനും ഇതിൽ നിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ ശബരിമല റിവ്യൂ, റിട്ട് ഹർജികൾ തീർപ്പാക്കുന്നത് മാറ്റിവയ്ക്കാനുമാണ് ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല.

അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് വിശാല ബെഞ്ച് രൂപീകരിക്കുക. വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തിൽ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാത്പര്യ ഹർജി പരിഗണിക്കാമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇൗ ഏഴ് ചോദ്യങ്ങൾക്ക് പുറമെ, കേരളത്തിലെ ക്ഷേത്രങ്ങളിൽ ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965- ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ശബരിമലയ്ക്ക് ബാധകമാണോയെന്ന് ആവശ്യമെങ്കിൽ വിശാല ബെഞ്ചിന് പരിശോധിക്കാമെന്നും വിധിയിൽ വ്യക്തമാക്കി