cm-pinarayi

ഇടുക്കി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരാൻ സംഘാടക സമിതിക്ക് ചെലവായത് നാല് ലക്ഷം രൂപ. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് ഹെലികോപ്റ്റർ വഴിയാണ് അദ്ദേഹം എത്തിയത്. ഇതിന്റെ ചാർജാണ് നാല് ലക്ഷം രൂപ.

14ാംതീയതി 12 മണിക്ക് തിരുവനന്തപുരത്ത് മറ്റൊരു പരിപാടിയുള്ളതിനാൽ കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ഇടുക്കിയിലേക്ക് എത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ ദിവസങ്ങൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു. തുടർന്ന് യൂണിയൻ നേതാക്കളുമായി ആലോചിച്ച് മുഖ്യമന്ത്രിയെ ഹെലികോപ്റ്റർ മാർഗം കട്ടപ്പനയിലേക്ക് എത്തിക്കാൻ അവ‌ർ തീരുമാനിച്ചു. കൂടാതെ 13ാംതീയതി തന്നെ എയർ ചാർജായ നാല് ലക്ഷം രൂപ മുൻകൂർ അടയ്ക്കുകയും ചെയ്തു.

അതേസമയം,​ ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രത്യേക കമാന്റോ സംഘവും പിണറായി വിജയനൊപ്പമുണ്ടായിരുന്നു. ഇൻറലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും പ്രത്യേക സംഘങ്ങൾ ദിവസങ്ങൾക്ക് മുമ്പേ വേദി നിരീക്ഷിച്ചുവരികയാണ്.

അതേസമയം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്ന് വീണു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. പിണറായി വിജയൻ സംസാരിക്കുന്നതിനിടെയാണ് കൗണ്ടർ പൂർണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ അദ്ദേഹം എത്തും മുൻപ് തന്നെ ഏറെക്കുറെ പൂർത്തിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.