തിരുവനന്തപുരം: കർമ്മപഥങ്ങളിലെ സംശുദ്ധി.മികച്ച കാര്യശേഷി. കൃത്യനിഷ്ഠ. വെല്ലുവിളികൾക്ക് മുമ്പിൽ പതറാത്ത ഉറച്ച നിലപാടുകൾ. ഇതിനൊക്കെയുള്ള അംഗീകാരമാണ് തിരുവിതാംകൂർ ദേവസ്വം കമ്മിഷണറിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലേക്കുള്ള എൻ. വാസുവിന്റെ സ്ഥാനാരോഹണം.
പൊതുജീവിതത്തിലും ഔദ്യോഗിക രംഗത്തും സ്വന്തം വ്യക്തിത്വത്തിൽ ഒരു തുള്ളി ചെളി തെറിക്കാൻ അദ്ദേഹം അവസരം നൽകിയില്ല. ഈ മേന്മയും കർത്തവ്യബോധവുമാണ് അടുത്ത ശബരിമല സീസൺ തുടങ്ങുന്ന നിർണായക ഘട്ടത്തിൽ വാസുവിൽ വിശ്വാസമർപ്പിക്കാൻ പിണറായി സർക്കാരിന് പ്രേരണയായതും.
കൊട്ടാരക്കര പൂവറ്റൂർ പ്ലാന്തോട്ടത്ത് വീട്ടിൽ നാണുവിന്റെയും കാർത്യായനിയുടെയും മകനായ വാസു ഇടതുവിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് സി.പി.എമ്മിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായത്. എറണാകുളം ലാ കോളേജിൽ നിന്ന് നിയമബിരുദം. 1979 മുതൽ 84 വരെയും 1988 മുതൽ 91 വരെയും കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 91ൽ വിജിലൻസ് ട്രൈബ്യൂണലായി. 2006ൽ വി.എസ് സർക്കാരിൽ, തൊഴിൽ എക്‌സൈസ് മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറി. 2010ൽ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അഭിഭാഷകവൃത്തിയിൽ തുടരവെ 2018 ഫെബ്രുവരിയിൽ വീണ്ടും ദേവസ്വം കമ്മിഷണറായി നിയമനം. 2019 മാർച്ച് വരെ തുടർന്നു. ശബരിമല സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി വരുന്നത് ഈ ഘട്ടത്തിലാണ്. തുടർന്നുള്ള പ്രശ്നങ്ങൾക്കും പ്രതിബന്ധങ്ങൾക്കും നടുവിലും, മുഖ്യമന്ത്രിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്ന വാസു, ദേവസ്വം കമ്മിഷണറെന്ന നിലയിൽ ഒരു വിവാദത്തിനും വിമർശനത്തിനും ഇട നൽകിയതുമില്ല.
ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മുൻ ഹെഡ്മിസ്ട്രസ് ശശികുമാരിയാണ് വാസുവിന്റെ ഭാര്യ. നെടുങ്കണ്ട എസ്.എൻ ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ചിത്രയും വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ ലക്ചറർ ഗായത്രിയുമാണ് മക്കൾ. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രവീണും യൂണിയൻ ബാങ്ക് വർക്കല ശാഖയിലെ മാനേജർ ജിനുവും മരുമക്കൾ. പേട്ട തേങ്ങാപ്പുര ലെയ്ൻ കൽഹാരത്തിലാണ് താമസം.