-mosque-women-entry

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന വിഷയവും ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് നവംബർ ആദ്യം സമർപ്പിച്ച പൊതുതാൽപര്യഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവയ്ക്കുകയായിരുന്നു. തീരുമാനത്തിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ഭാഗം.

എന്നാൽ,​ മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഇസ്ലാം വിലക്കുന്നില്ലായെന്ന് അദ്ദേഹം പറഞ്ഞു. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹർജി നൽകിയതെന്നും കേസിൽ മുസ്ലീം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.

"മുസ്ലീം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ഇനി ആരെങ്കിലും പ്രവേശനം തടയുന്നുണ്ടെങ്കിൽല്‍ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്", ജിലാനി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

എല്ലാ ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശന വിഷയങ്ങളും വിശാലമായ ബെഞ്ചിലേക്ക് വിടുകയാണ് സുപ്രീംകോടതി ചെയ്തത്. ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. സമാനമായ എല്ലാ ഹർജികളും ബെഞ്ച് പരിഗണിക്കും.