red-190

ടിവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുള്ള ചില വാർത്തകളാണ് അവർ ഓർത്തത്.

ചില ഖനികളിലും ഗുഹകളിലുമൊക്കെ പ്രകൃതിക്ഷോഭം കാരണം കുടുങ്ങിപ്പോയവർ...

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ...

മരണത്തിനും ജീവിതത്തിനുമിടയിൽ മരണത്തോടു മല്ലടിച്ച്, ശുദ്ധവായുവിനു കൊതിച്ച്...

ഇവിടെ തൽക്കാലത്തേക്ക് ഭക്ഷണത്തിനു മുട്ടില്ല എന്നതു മാത്രമാണ് ഒരു വ്യത്യാസം. ബാക്കി കാര്യങ്ങളിൽ എല്ലാം ഒന്നുപോലെ തന്നെ.

എം.എൽ.എ ശ്രീനിവാസകിടാവ് ചിന്തിച്ചു.

പക്ഷേ പ്രാഥമിക ആവശ്യങ്ങൾ ഈ നിലവറയിൽ നിർവഹിച്ചാൽ... പിന്നെ ഇവിടെ കഴിയാൻ തന്നെ പറ്റില്ല.

''നമ്മൾ എന്തു ചെയ്യും സാർ?"

യശോധരൻ വയറ്റത്തു തടവി.

കിടാക്കന്മാർക്കു കാര്യം മനസ്സിലായി.

ശേഖരകിടാവ് കല്ലറയ്ക്കു മുകളിൽ നിന്നിറങ്ങി.

''യശോധരാ... കല്ലറ പൊളിക്കാൻ കൊണ്ടുവന്ന പാരയെടുക്ക്. ഒരവസാന കൈ നടത്തി നോക്കാം."

അനുജൻ എന്താണുദ്ദേശിക്കുന്നതെന്ന് ശ്രീനിവാസകിടാവിനു മനസ്സിലായില്ല.

ശേഖരൻ പക്ഷേ കൂടുതൽ ഒന്നും പറയാതെ നിലവറയിലെ കൽപ്പടവുകൾ യശോധരനെയും കൂട്ടി കയറിപ്പോയി.

പിന്നെ കേൾക്കുന്നത് എന്തോ കുത്തിയടർത്തുന്നതു പോലെയുള്ള ശബ്ദം.

അത് പക്ഷേ ഇടിമുഴക്കങ്ങൾ പോലെയാണ് കിടാവിനു തോന്നിയത്.

''എടാ ഒന്നു പതുക്കെ. വല്ല പോലീസുകാരോ മറ്റോ കോവിലകത്തു വന്നിട്ടുണ്ടെങ്കിൽ നമ്മൾ പിടിക്കപ്പെടും."

''അങ്ങനെ പിടിക്കാനിങ്ങുവരട്ടെ. കുത്തിക്കീറും ഞാൻ."

ശേഖരന്റെ മുരൾച്ച പോലെയുള്ള ശബ്ദം.

കുറച്ചുനേരം കമ്പിപ്പാരകൊണ്ട് പ്രയത്നിച്ചെങ്കിലും കോവിലകത്തിനുള്ളിലേക്കുള്ള വാതിൽ തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

വിയർപ്പിൽ കുളിച്ച് ശേഖരകിടാവും യശോധരനും മടങ്ങിവന്നു....

''ഒരു രക്ഷയുമില്ല. പുളിയുടെ കട്ടി കാതൽ കൊണ്ടാണ് ആ വാതിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. കുത്തിയിട്ട് പൊളിയുന്നില്ല. ചതഞ്ഞു ചതഞ്ഞിരിക്കുകയാ."

ശേഖരൻ മുണ്ടിന്റെ തുമ്പുയർത്തി മുഖം തുടച്ചു.

പെട്ടെന്ന് വിജാഗിരികൾ തിരിയുന്നതു പോലെ ഒരു ശബ്ദം. പിന്നെ പുറത്തുനിന്നുള്ള ചതുരവെളിച്ചം കൽപ്പടവുകൾക്കു മുകളിലേക്കു പതിച്ചു.

മൂവരും ഞെട്ടിപ്പോയി.

''കോവിലകത്തിനുള്ളിൽ പോലീസുണ്ട്. ശബ്ദം കേട്ട് അവർ വരികയാ..."

ശ്രീനിവാസ കിടാവ് അടക്കം പറഞ്ഞു.

''ഇങ്ങുവരട്ടെ. ഈ കല്ലറയ്ക്കുള്ളിൽ അവനെയൊക്കെ കിടത്തും ഞാൻ."

ശേഖരൻ പെട്ടെന്ന് കമ്പിപ്പാര എടുത്ത് തയ്യാറായി.

ആറു കണ്ണുകൾ കൽപ്പടവിനു നേർക്കായിരുന്നു.

പോലീസ് ഷൂസ് അണിഞ്ഞ കാലുകൾ പ്രത്യക്ഷപ്പെടുന്നതു നോക്കി അവർ ശ്വാസം പോലും നിയന്ത്രിച്ചു.

അല്പനേരം പിന്നിട്ടു.

ആരും ഇറങ്ങിവന്നില്ല.

''ഞാൻ പോയി ഒന്നു നോക്കട്ടെ സാറേ..."

യശോധരൻ അനുവാദം തേടി.

''ഉം." കിടാവ് മന്ത്രിച്ചു. ''പക്ഷേ സൂക്ഷിക്കണം."

കരുതലോടെ യശോധരൻ പടവുകൾ കയറി.

അവിടെയെങ്ങും ആരെയും കണ്ടില്ല.

യശോധരൻ വാതിലിന് അപ്പുറത്തേക്കു നോക്കി. നിലവറയുടെ പഴയ 'താഴ്' അവിടെ തറയിൽ കിടക്കുന്നു.

യശോധരൻ കോവിലകത്തിന്റെ നടുമുറ്റം വരെ നടന്നു.

എങ്ങും ആരുമില്ല.

അയാൾ മടങ്ങി വാതിൽക്കൽ ചെന്നു.

നിലവറയിലേക്കു തല നീട്ടി വിളിച്ചു:

''സാറന്മാരേ... ഇങ്ങ് പോരെ ഇവിടാരുമില്ല..."

''ങ്‌ഹേ?"

പ്രാണരക്ഷാർത്ഥം ഓടുന്നതു പോലെയാണ് കിടാക്കന്മാർ കൽപ്പടവുകൾ ചാടിക്കയറി വന്നത്.

''ഇത് പിന്നെ എങ്ങനാടാ തുറന്നത്?"

യശോധരൻ തറയിൽ കിടന്ന താഴ് എടുത്തുകാണിച്ചു.

''ഇത് തനിയെ ഊരി വീണതാ..."

''അതെങ്ങനെ?" ശ്രീനിവാസ കിടാവിന്റെ നെറ്റി ചുളിഞ്ഞു.

''ഞങ്ങൾ അപ്പുറം നിന്ന് കതകിൽ ഒരുപാട് കുത്തുനടത്തിയില്ലേ? അതിന്റെ ഷോക്കിൽ താഴ് തനിയെ തുറക്കപ്പെട്ടുപോയി."

അത് ശരിയാണെന്ന് കിടാക്കന്മാർക്കും തോന്നി.

''വിശദമായി പിന്നെ ചിന്തിക്കാം." പറഞ്ഞിട്ട് ശ്രീനിവാസ കിടാവ് ബാത്ത് റൂമിനു നേർക്ക് ഓടി.

******

മൈസൂരു.

ത്രിവേണി സംഗമത്തിന് അല്പം അകലെയുള്ള ഒരു പഴയ ലോഡ്ജിലായിരുന്നു ചന്ദ്രകലയും പ്രജീഷും.

കർണാടക വിട്ട് എവിടേക്കു പോകണമെങ്കിലും കോടതിയുടെ അനുവാദം വേണമെന്നായിരുന്നു ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്.

തങ്ങൾക്ക് എല്ലാം ഒരു സ്വപ്നം പോലെയാണ് ഇരുവർക്കും തോന്നിയത്.

ഡെൽഹിയിൽ നിന്ന് വക്കീൽ വന്ന് തങ്ങളെ ജാമ്യത്തിൽ ഇറക്കുക. പിന്നെ അഞ്ചുലക്ഷം രൂപ കയ്യിൽ തന്നിട്ട് ഇവിടെ താമസിക്കാൻ പറയുക...

ആരാണ് അയാളെ അയച്ചതെന്നു ചോദിച്ചിട്ടുപോലും ഉത്തരം തന്നില്ല.

വേറെ ആരോ വരുമെന്നും അയാൾ പറയുന്നതുപോലെ ചെയ്യണം എന്നുമായിരുന്നു നിർദ്ദേശം.

ആരാണു വരുന്നതെന്നോ എപ്പോൾ വരുമെന്നോ പറഞ്ഞിട്ടില്ല.

തങ്ങൾക്ക് ഒരു സെൽഫോണും വക്കീൽ തന്നു.

പക്ഷേ ഈ നിമിഷംവരെ അതിൽ ആരും വിളിച്ചിട്ടില്ല...

ആകെയൊരു നിഗൂഢത...

(തുടരും)