തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയിൽ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആക്‌ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞിരുന്നു.
അയോദ്ധ്യ വിധി നമ്മുടെ മുന്നിലുണ്ട്. ആ വിധി എങ്ങനെയാണോ സ്വകരിച്ചത് അതുപോലെ തന്നെയാണ് ശബരിമലയും കാണേണ്ടത്. സ്ത്രീകൾ വരികയാണെങ്കിൽ സർക്കാർ കയറ്റി വിടുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിങ്ങൾ ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട എന്ന മറുപടിയാണ് ദേവസ്വം മന്ത്രി നൽകിയത്.