1. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെ, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. സംരക്ഷണം വേണ്ടവര്‍ കോടതി ഉത്തരവുമായി വരണം. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലം അല്ല ശബരിമല എന്നും ദേവസ്വം മന്ത്രി. ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്തംബറിലെ യുവതീ പ്രവേശന വിധി നടപ്പാക്കേണ്ടതില്ല എന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി
2. യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ പലകാര്യങ്ങളിലും കോടതി തന്നെ സംശയം പ്രകടിപ്പിച്ച് ഏഴംഗബഞ്ചിന് വിട്ടിരിക്കുക ആണ്. വിശ്വാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വിപുലമായ ബഞ്ച് പരിഗണിക്കുമ്പോള്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടത് ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതുകൊണ്ടാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
3. മണ്ഡലകാലത്തിന് മുന്‍പ് വിധിയില്‍ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞെങ്കിലും അത്രയും തിടുക്കത്തില്‍ പരിഹരിക്കേണ്ട വിഷയം വിധിയില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാനുള്ള ചില സംഘടനകളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കേണ്ടെന്ന വികാരം സര്‍ക്കാര്‍ തലത്തിലുണ്ട്. എന്തായാലും മണ്ഡല കാലത്ത് യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണയില്‍ മല ചവിട്ടിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തിലില്ല
4. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് എതിരായ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റിനെ കൂടി പ്രതിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. 10 കോടിയുടെ ഇടപാട് നടന്നു എന്ന് വിജിലന്‍സ്. നടന്നത് കള്ളപ്പണ ഇടപാട് ആണോ എന്ന് അന്വേഷിക്കണം. അങ്ങനെ എങ്കില്‍ കേസ് അന്വേഷിക്കേണ്ടത് ഇ.ഡി എന്നും ഹൈക്കോടതി. നാല് പ്രതികള്‍ക്ക് കൂടി നോട്ടീസ് അയക്കണം എന്നും കൂട്ടിച്ചേര്‍ക്കല്‍. കോടതി പരിഗണിച്ചത്, അഴിമതി പണം വെളുപ്പിക്കാന്‍ വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചുള്ള ഹര്‍ജി.
5. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് ആയി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിന് ആയാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു
6. യുവതീ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ, രണ്ടു മാസം നീളുന്ന ശബരിമല മണ്ഡലകാലത്തിന് നാളെ തുടക്കമാവും. വൈകുന്നേരം നട തുറക്കുന്നതിന് പിന്നാലെ, പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങുകള്‍ നടക്കും. മണ്ഡലകാലവും മകര വിളക്കും കഴിഞ്ഞ് ജനുവരി 20 വരെ നീളുന്നതാണ് തീര്‍ത്ഥാടന കാലം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. നിലവില്‍ ശബരിമല ദര്‍ശനത്തിന് ആയി വെര്‍ച്വല്‍ക്യൂ സംവിധാനം മുഖേനയും മറ്റും അന്‍പതോളം യുവതികള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ മേല്‍നോട്ടം നല്‍കിയിട്ടുള്ള സുരക്ഷാ സംവിധാനം ആണ് ഇന്ന് മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഒരുങ്ങുന്നത്
7. മഹാരാഷ്ട്രയില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് കൂട്ടുകെട്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ നടപ്പാക്കേണ്ട പൊതുമിനിമം പരിപാടിക്കു രൂപം നല്‍കിയത് ആയാണു സൂചന. മൂന്നു പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആണ് പൊതുമിനിമം പരിപാടിയുടെ കരട് രൂപരേഖ തയാറാക്കിയത്. കര്‍ഷക ലോണ്‍ എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണു പൊതുമിനിമം പാരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണു സൂചന
8. ഇന്നലെ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹബ് തോറാത്തും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പൊതു മിനിമം പരിപാടിയുള്‍പ്പെടെ നടപടികളെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. പവാര്‍- സോണിയ കൂടിക്കാഴ്ചയ്ക്കു ശേഷമേ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യം ആകുമോ എന്നു വ്യക്തമാകൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കലഹിച്ചതോടെ ആണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ ആയത്
9. പാരിസില്‍ വച്ച് നടന്ന യുനസ്‌കോ സമ്മേളനത്തില്‍ പാകിസ്ഥാന് എതിരെ ചുട്ട മറുപടിയുമായി ഇന്ത്യ. ഭീകരവാദത്തിന്റെ ജിനതകം പേറുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യ. കടക്കെണിയില്‍ ആയ പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ ജനിതകം ഉണ്ട്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, യാഥാസ്ഥിതികമായ സമൂഹം, ഭീകരവാദത്തിന്റെ ആഴത്തില്‍ ഉള്ള സാന്നിധ്യം എന്നിവ പാകിസ്ഥാനെ പരാജിത രാഷ്ട്രം ആക്കി എന്നും ഇന്ത്യ ആരോപിച്ചു. യുനസ്‌കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച അനന്യ അഗര്‍വാളാണ് കടുത്ത വിമര്‍ശനങ്ങള്‍ പാകിസ്ഥാന്‍ എതിരെ നടത്തിയത്.
10. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ യുനസ്‌കോ സമ്മേളനത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കവെ ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള അനന്യ അഗര്‍വാളിന്റെ പ്രഹരം. യുനസ്‌കോയെ ദുരുപയോഗം ചെയ്ത് ജമ്മുകാശ്മീര്‍ വിഷയം രാഷ്ട്രീയവത്കരിച്ച പാകിസ്ഥാന്‍ നടപടിയില്‍ അപലപിക്കുന്നു എന്നും അനന്യ തുറന്നടിച്ചു. 2018 ല്‍ പരാജിത രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ 14-ാമത് സ്ഥാനത്ത് ആയിരുന്നു.