ksrtc-

10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാൻ അവസരമോ? അന്തംവിടേണ്ട, യാഥാർത്ഥ്യമാണ്. കെ.എസ്‌.ആർ.ടി.സിയാണ് നഗരം ചുറ്റിക്കാണാൻ ഈ അവസരം ഒരുക്കുന്നത്. ഒറ്റനാണയം സിറ്റി സർവീസാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയിൽ സർവീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റർ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്.

സർവീസ് ആരംഭിച്ച് കഴിഞ്ഞാൽ നഗരത്തിലെ ബസ് സ്‌റ്റാന്റുകൾ, റെയിൽവേ സ്‌റ്റേഷൻ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, സിനിമാ തിയേറ്റർ അങ്ങനെ എവിടെ പോകാനും ഈ ഒറ്റനാണയം ബസിൽ കയറാം. ഹൈറേഞ്ച് സർവീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിന് ഉപയോഗിക്കുക. ഇത്തരത്തിൽ മൂന്ന് ബസുകൾ ഡിപ്പോയിലുണ്ട്. ബസിനു പ്രത്യേക നിറം നൽകും. വിദ്യാർത്ഥികൾക്കു കൺസഷൻ നൽകുന്ന കാര്യവും പരിഗണിക്കുമെന്നു ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ ടി. ഉബൈദ് അറിയിച്ചു.

ഒലവക്കോട് റെയിൽവേ ജംക്ഷനിൽ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങൾ വഴി പാലക്കാട് കെ.എസ്‌.ആർ.ടി.സി സ്റ്റാൻഡിൽ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സർവീസ് ഒരുക്കിയിട്ടുള്ളത്. പ്രായമായവർ, രോഗികൾ, നടക്കാൻ ബുദ്ധിമുട്ടള്ളവർ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഈ സർവീസ് ഗുണം ചെയ്യും. പദ്ധതി വിജയം കണ്ടാൽ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും പുതിയ സർവീസ് വിപുലീകരിക്കാനാണ് നീക്കം.