ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുകയാണ്. നിലവിലുളള പ്രസിഡന്റ് മൈത്രിപാല സിരിസേന വീണ്ടും മത്സരിയ്ക്കുമെന്ന് കരുതിയെങ്കിലും, ശ്രീലങ്കയിലെ പ്രമുഖരാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിക്കാതിരുന്നതിനാൽ മാറിനിൽക്കുകയാണ്. രണ്ട് തവണ പ്രസിഡന്റായാൽ വീണ്ടും മത്സരിക്കാൻ ഭരണഘടനാപരമായി വിലക്കുള്ളതിനാൽ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയ്ക്കും മത്സരിക്കാനായില്ല. അദ്ദേഹത്തിന്റെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമന (എസ്.എൽ.പി.പി) യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സഹോദരനായ ഗോതാബയ രാജപക്സെയാണ്. പ്രധാന എതിരാളി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി) സ്ഥാനാർത്ഥി, എൽ.ടി.ടി.ഇയുടെ അക്രമത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനായ സജിത് പ്രേമദാസയാണ്. ഇടതുപക്ഷ പാർട്ടിയായ ജനതാവിമുക്തി പെരുമനയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനുരാ കുമാര ദിസ നായകെയാണ് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി. പ്രസിഡന്റോ പ്രധാനമന്ത്രിയോ പ്രതിപക്ഷനേതാവോ മത്സരരംഗത്തില്ലാത്ത ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീലങ്കയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയപാർട്ടിയായ ശ്രീലങ്കാ ഫ്രീഡം പാർട്ടി (എസ്.എൽ.എഫ്.പി) യുടെ ഒരു സ്ഥാനാർത്ഥിയും മത്സരരംഗത്തില്ല.
ഇരുപക്ഷത്തും എസ്.എൽ.എഫ്.പി
ശ്രീലങ്കയുടെ സ്വാതന്ത്ര്യ സമരനായകനായ ബണ്ഡാരനായകെ 1951 ൽ രൂപീകരിച്ചതാണ് ഫ്രീഡം പാർട്ടി. ആദ്യ പ്രധാനമന്ത്രിയായ ബണ്ഡാരനായകെ, പത്നിയും ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബണ്ഡാരനായകെ, മകളും ശ്രീലങ്കയുടെ പ്രസിഡന്റുമായിരുന്ന ചന്ദ്രികാ കുമാരതുംഗെ, മഹീന്ദ രാജപക്സെ, നിലവിലെ പ്രസിഡന്റായ സിരിസേന തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ സംഭാവന ചെയ്ത പാർട്ടിയാണ് എസ്.എൽ.എഫ്.പി. എൽ.ടി.ടി.ഇ യെയും പ്രഭാകരനെയും വകവരുത്തിയ പ്രസിഡന്റ് എന്ന ഖ്യാതിയുമായാണ് മഹീന്ദ രാജപക്സെ മൂന്നാമതും പ്രസിഡന്റാകാൻ 2014 ൽ മത്സരിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ച അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗവും ശ്രീലങ്ക ഫ്രീഡംപാർട്ടി നേതാവുമായ മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി മത്സര രംഗത്തെത്തിയത്. മഹീന്ദ്ര രാജപക്സെയുടെ ഏകാധിപത്യം, അഴിമതി, സ്വജനപക്ഷപാതം എന്നിവയോട് എതിർപ്പുള്ള മുൻ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ ഉൾപ്പെടെ ഫ്രീഡം പാർട്ടിയുടെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ പ്രധാന പ്രതിപക്ഷപാർട്ടിയായ യു.എൻ.പിയുമായി ചേർന്നുണ്ടാക്കിയ സഖ്യത്തിന്റെ പ്രതിനിധിയായാണ്, മൈത്രിപാല സിരിസേന വിജയിച്ചത്. തുടർന്ന് അദ്ദേഹം റെനിൽ വിക്രമസിംഗയെ പ്രധാനമന്ത്രിയായി നിയമിച്ച് സഖ്യകക്ഷി മന്ത്രിസഭയും രൂപീകരിച്ചു. അതൊടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ ഒരു വിഭാഗം ഭരണത്തിലും മറ്റൊരു വിഭാഗം മഹീന്ദ രാജപക്സെയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തുമിരിക്കുന്ന വിചിത്രമായ രാഷ്ട്രീയ നീക്കങ്ങളുമുണ്ടായി. ഭരണത്തിൽ തുടർന്ന പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയും പലകാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളെ തുടർന്ന് അകന്നു. ചൈനീസ് കമ്പനികളുമായി ചേർന്ന് മഹീന്ദ രാജപക്സെ അഴിമതി നടത്തിയെന്ന് തിരഞ്ഞെടുപ്പു വേളയിൽ ആരോപിച്ച സിരിസേന, ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഇന്ത്യയുമായി അടുപ്പമുള്ള നേതാവുമായി. പ്രസിഡന്റും പ്രധാനമന്ത്രിയുമായുള്ള പോരിൽ 2018 ഒക്ടോബറിൽ സിരിസേന പ്രധാനമന്ത്രി വിക്രമസിംഗയെ പുറത്താക്കി, രാജപക്സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. ഒടുവിൽ സുപ്രീംകോടതിയിലെത്തിയ കേസിൽ വിക്രമസിംഗയ്ക്ക് അനുകൂലമായി വിധിയുണ്ടായ ശേഷമാണ്, വിക്രമസിംഗയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. പിന്നീട്, മഹീന്ദരാജപക്സെ ശ്രീലങ്ക ഫ്രീഡം പാർട്ടി ഉപേക്ഷിച്ച് ശ്രീലങ്ക പൊതുജന പെരമന എന്ന പേരിൽ സ്വന്തമായി പാർട്ടിയുണ്ടാക്കി. ഇതോടെയാണ് ശ്രീലങ്ക ഫ്രീഡം പാർട്ടി അപ്രസക്തമായത്.
സിംഹള വർഗീയതയുടെ പ്രതീകം
തമിഴ് ഈലം സ്ഥാപിക്കാനായി ശ്രീലങ്കയിൽ രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തിന് നേതൃത്വം നൽകിയ പ്രഭാകരനെയും എൽ.ടി.ടി.ഇയെയും ഇല്ലായ്മ ചെയ്ത നേതാവെന്ന നിലയിൽ സിംഹളരുടെ ആരാധനപാത്രമാണ് മഹീന്ദ രാജപക്സെ. എൽ.ടി.ടി.ഇയ്ക്കെതിരെ പ്രസിഡന്റെന്ന നിലയിൽ സൈന്യത്തെ ഉപയോഗിച്ച മഹീന്ദയ്ക്ക് വലംകൈയായി നിന്നത് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബയ ആയിരുന്നു. ആ വീരപരിവേഷത്തോടെ ബഹുഭൂരിപക്ഷം സിംഹളരുടെയും വോട്ട് നേടാം എന്ന പ്രതീക്ഷയിലാണ് ഗോതാബയ മത്സരത്തിനിറങ്ങിയത്. സിംഹളവംശജനായതിനാൽ സിംഹള തീവ്രവാദികൾ ഗോതാബയ്ക്ക് പിന്നിൽ അണിനിരന്നിട്ടുണ്ട്.
തമിഴ് വംശജരുടെ പിന്തുണ
സിംഹള വംശജനും മിതഭാഷിയും വിവാദങ്ങളിലൊന്നും പെടാത്ത നേതാവുമാണ് സജിത് പ്രേമദാസ. വിക്രമസിംഗയുടെ മന്ത്രിസഭയിൽ അംഗവും പാർലമെന്റിലെ യു.എൻ.പിയുടെ ഡെപ്യൂട്ടി ലീഡറുമായിരുന്ന അദ്ദേഹത്തെ യുവാക്കളും സ്ത്രീകളും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും, പാർലമെന്റിലും 25 ശതമാനം വനിതാസംവരണം നടപ്പിലാക്കുമെന്നും അവർക്കായി പ്രത്യേക ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രകടന പത്രികയിലൂടെപ്രഖ്യാപിച്ചു. രാജപക്സെയുടെ അടിച്ചമർത്തലുകൾക്കിരയായ തമിഴ് വംശജരും അവരുടെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനമായ തമിഴ് നാഷണൽ അലയൻസും പ്രേമദാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എൽ.ടി.ടി.ഇയെ അമർച്ച ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച രാജപക്സെയുടെ കാലയളവിലെ പട്ടാള മേധാവിയായിരുന്ന ജനറൽ ഫൊൺസേകയായിരിക്കും, താൻ തിരഞ്ഞെടുക്കപ്പെട്ടാൽ സുരക്ഷാ ഉപദേശകനായി നിയമിക്കപ്പെടുകയെന്ന് പ്രേമദാസ പ്രഖ്യാപിച്ചു. കൊളംബോയിൽ 2019 ഏപ്രിലിൽ നടന്ന ഈസ്റ്റർ ബോംബിംഗിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷയിൽ സന്ദേഹിക്കുന്ന സിംഹളരെ പ്രീതിപ്പെടുത്താനാണിത്. ഗ്രാമീണമേഖലയിലും അതുപോലെ സമാധാനപ്രിയരായ സിംഹളർക്കിടയിലും പ്രേമദാസയ്ക്കുള്ള പിന്തുണ വർദ്ധിക്കുകയാണ്.
ഇന്ത്യയുടെ താത്പര്യം
മഹീന്ദ രാജപക്സെ അധികാരത്തിലിരുന്നപ്പോൾ, ചൈനയുമായി വളരെയടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. കൊളംബോ തുറമുഖം, ഹമ്പൻടോട്ട തുറമുഖം ദേശീയപാതകൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കിയത് ചൈനയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു. ഇന്ത്യയ്ക്കു സുരക്ഷാഭീഷണിയുണ്ടാകുന്ന രീതിയിൽ ചൈനയുടെ നാവികസേനക്ക് ശ്രീലങ്കൻ തുറമുഖങ്ങൾ ഉപയോഗിക്കാനും അന്ന് അനുമതി നൽകിയിരുന്നു. ചൈനയുടെ സഹായത്തോടെ നിർമ്മിച്ച ഹമ്പൻടോട്ട തുറമുഖം കടംവീട്ടാൻ മാർഗമില്ലാത്തതിനാൽ ചൈനീസ് കമ്പനിക്ക് തന്നെ പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഗോതാബയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ രാജപക്സെ കുടുംബവുമായുള്ള ബന്ധമുപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ കടലിലും ചൈനീസ് നാവികസേന കടന്നുകയറി ഇന്ത്യയ്ക്ക് ഭീക്ഷണി ഉയർത്തുമോയെന്ന് നമ്മുടെ പ്രതിരോധ വിദഗ്ദധർ സംശയിക്കുന്നു.
ശ്രീലങ്കയുടെ വിനോദസഞ്ചാര വരുമാനത്തിന്റെ സിംഹഭാഗവും ഇന്ത്യയിൽ നിന്നാണ് . കഴിഞ്ഞ വർഷം നാലുലക്ഷം ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദർശിച്ചത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ബുദ്ധമതകേന്ദ്രങ്ങൾ ബന്ധപ്പെടുത്തി സഞ്ചാരികളെ ആകർഷിച്ച്, വിദേശവരുമാനത്തോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്താൽ ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടും.
ഫോൺ : 9847173177