മഹാരാഷ്‌ട്രയിൽ സേന, എൻ.സി.പി, കോൺഗ്രസ് ധാരണ
എൻ. സി. പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം
നേതാക്കൾ ഇന്ന് ഗവർണറെ കാണും
മുംബയ്:രാഷ്‌ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയിൽ ശിവസേനയ്‌ക്ക് അഞ്ച് വർഷവും മുഖ്യമന്ത്രി പദം നൽകിക്കൊണ്ട് എൻ.സി.പിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യസർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. എൻ.സി.പിയും കോൺഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാനും ധാരണയായി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസും എൻ. സി. പിയും നിർദ്ദേശിച്ചതായാണ് അറിയുന്നത്. എൻ.സി.പിക്ക് 14 മന്ത്രിമാരും കോൺഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
സർക്കാർ രൂപീകരണത്തിന്റെ അന്തിമ ചർച്ചകൾക്കായി എൻ. സി. പി നേതാവ് ശരദ് പവാൻ നാളെ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. ബി.ജെ.പിയെ അകറ്റാൻ ആശയ വൈരുദ്ധ്യങ്ങൾ മറന്ന് ശിവ സേനയ്‌ക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള പൊതു മിനിമം പരിപാടിയും ശിവസേനയുമായി കൂടുന്നതിന്റെ പ്രശ്‌നങ്ങളുമാണ് സോണിയ-പവാർ ചർച്ചയുടെ അജണ്ടയെന്നാണ് സൂചന. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനെ എതിർക്കരുതെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ്
നേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായും അറിയുന്നു. സോണിയ - പവാർ ചർച്ചയ്‌ക്ക് ശേഷം നാളെ വൈകിട്ടോ, തിങ്കളാഴ്‌ചയോ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും പുതിയ സഖ്യസർക്കാർ അഞ്ച് കൊല്ലവും ഭരിക്കുമെന്നും ശരദ് പവാറും ഇന്നലെ പ്രഖ്യാപിച്ചു. അതേസമയം, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ഡൽഹിയിൽ സോണിയാ ഗാന്ധിയെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മൂന്നു പാർട്ടിയിലെയും നേതാക്കൾ ഇന്ന് ഗവർണറെ കാണുന്നുണ്ടെങ്കിലും സർക്കാർ രൂപീകരണ വിഷയങ്ങൾ ഉന്നയിക്കില്ലെന്നാണ് അവർ പറയുന്നത്. കർഷകർക്ക് സഹായം ആവശ്യപ്പെട്ടാണത്രേ ഇന്ന് ഗവർണറെ കാണുന്നത്.
ശിവസേനയും കോൺഗ്രസും എൻ.സി.പിയും നടത്തിയ 48 മണിക്കൂർ നീണ്ട ചർച്ചയിലാണ് കോൺഗ്രസും മന്ത്രിസഭുടെ ഭാഗമാകാൻ ധാരണയായതും പൊതുമിനിമം പരിപാടിക്ക് രൂപം നൽകിയതും.
ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കം മുഖ്യമന്ത്രിപദത്തെ ചൊല്ലിയായിരുന്നു. അതിനാൽ ത്തന്നെ പുതിയ സർക്കാരിൽ മുഖ്യമന്ത്രിപദം അഞ്ചു വർഷവും ശിവസേനയ്‌ക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന് എൻ.സി.പി നേതാവ് ശരദ്പവാർ ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പിന്മാറി. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ബാലാസാഹെബ് തോറാട്ടും എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീലും ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് തെളിഞ്ഞത്.
കക്ഷിനില
ആകെ അംഗങ്ങൾ 288
ശിവസേന -------------56
എൻ. സി. പി............54
കോൺഗ്രസ്............44
ആകെ പിന്തുണ.....154
കേവല ഭൂരിപക്ഷം 145
............................................
ബി.ജെ.പി - 105