bangladesh

ഇൻഡോർ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് ഇരട്ട സെഞ്ച്വറി. നാല് വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 202 റൺസോടെയും രവീന്ദ്ര ജഡേജ 12 റൺസോടെയും ക്രീസിൽ. അർധ സെഞ്ച്വറി തികച്ച അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് നഷ്ടമായത്. 172 പന്തിൽ ഒൻപത് ഫോർ അടക്കം 86 റൺസ് എടുത്ത രഹാനെയെ അബു ജായെദാണ് പുറത്താക്കിയത്. രോഹിത് ശർമ (ആറ്), ചേതേശ്വർ പൂജാര (54), വിരാട് കൊഹ്‌ലി (0), അജിങ്ക്യ രഹാനെ (86) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

ടെസ്റ്റ് ഓപ്പണറെന്ന നിലയിൽ മികച്ച ഫോമിൽ കുതിക്കുന്ന മായങ്ക് അഗർവാളിന്റെ മായിക പ്രകടനം ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിലും ആവർത്തിക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമ്മാനിച്ചത്. നേരത്തെ ടോസിലെ ഭാഗ്യം കനിഞ്ഞിട്ടും അത് മുതലാക്കാൻ ബംഗ്ലാദേശിനായില്ല. 58.3 ഓവറിൽ 150 റൺസിന് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയപ്പോൾ ഇഷാന്ത് ശർമ, ആർ അശ്വിന്‍, ഉമേഷ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശിന്റെ തകർച്ച വേഗത്തിലാക്കി. 43 റൺസ് നേടിയ മുഷ്ഫിഖർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.