ന്യൂഡൽഹി: അയോദ്ധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ് സ്വീകരിക്കരുതെന്ന് ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അയോദ്ധ്യ വിധിയെ മാനിക്കുന്നു. എന്നാൽ, വിധി മനസിലാക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജാമിയത്ത് ഉലമ ഇ ഹിന്ദിന് പള്ളി നിർമ്മിക്കാനുള്ള ഭൂമി നൽകിയിട്ടില്ല. സുന്നി വഖഫ് ബോർഡിനാണ് പള്ളി നിർമ്മിക്കാനുള്ള ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമി സുന്നി വഖഫ് ബോർഡ് ഏറ്റെടുക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അന്തിമ തീരുമാനം സുന്നി വഖഫ് ബോർഡിന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോദ്ധ്യ വിഷയം ഭൂമിയുമായല്ല, മറിച്ച് അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം വിഭാഗങ്ങൾക്ക് ഭൂമി ആവശ്യമില്ല. നമസ്കാരം തുടർന്നാലും ഇല്ലെങ്കിലും പള്ളി അങ്ങനെ തന്നെ തുടരും. ക്ഷേത്രം പൊളിച്ച് നിർമ്മിച്ചതല്ല ബാബ്റി മസ്ജിദ് എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ മതപ്രകാരം, അത് ഇപ്പോഴും പള്ളി തന്നെയാണ്. ബാബ്റി മസ്ജിദ് തകർത്തതും പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്ന കാര്യത്തിൽ ജാമിയത്ത് ഉലമ ഇ ഹിന്ദിൽ ചർച്ചകൾ തുടരുകയാണ്.
പതിറ്റാണ്ടുകൾ നീണ്ട അയോദ്ധ്യ ഭൂമി തർക്കക്കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും മുസ്ലിം വിഭാഗങ്ങൾക്ക് പള്ളി നിർമ്മിക്കാൻ പ്രത്യേക ഭൂമി നൽകുമെന്നുമായിരുന്നു വിധി. മൂന്നു മാസത്തിനുള്ളിൽ തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ഒരു ട്രസ്റ്റി ബോർഡിനെ നിയമിക്കും. തർക്ക ഭൂമിക്ക് പുറത്ത് കേന്ദ്ര സർക്കാർ മുസ്ലിം വിഭാഗങ്ങൾക്ക് ഭൂമി ഏറ്റെടുത്ത് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.