കുർണൂൽ:ആന്ധ്രപ്രദേശിലെ കർണൂലിൽ സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി ഓടുന്നതിനിടെ യു.കെ.ജി വിദ്യാർത്ഥി ഭക്ഷണഹാളിൽ വച്ചിരുന്ന സാമ്പാർ പാത്രത്തിൽ വീണ് പൊള്ളലേറ്റ് മരിച്ചു. സംഭവത്തിൽ സ്‌കൂളിന്റെ മാനേജിംഗ് ഡയറക്ടർ വിജയകുമാർ റെഡ്ഡി, ജീവനക്കാരനായ നാഗമല്ലേശ്വർ റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോൾ കുട്ടികൾ കൂട്ടത്തോടെ ഡൈനിംഗ് ഹാളിലേക്ക് ഓടിയെത്തി. തിരക്കിൽ അടി തെറ്റിയ പുരുഷോത്തം റെഡ്ഡി എന്ന ബാലൻ ചൂടുള്ള സാമ്പാർ നിറച്ച വലിയ പാത്രത്തിലേക്ക് വീഴുകയായിരുന്നു. മുതിർന്നവരാരും അപ്പോൾ ഹാളിൽ ഇല്ലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാർ കുട്ടിയെ പാത്രത്തിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.