rupee

കൊച്ചി: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പണം തികയാതെ ഇന്ത്യക്കാർ വലയുന്നുവെന്ന് വ്യക്തമാക്കുന്നതും കേന്ദ്രസർക്കാർ 'പൂഴ്‌ത്തിവച്ചതുമായ" റിപ്പോർട്ട് പുറത്ത്! ഇന്ത്യൻ സമ്പദ്‌രംഗത്ത് മാന്ദ്യം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ഒരു ദേശീയ ബിസിനസ് മാദ്ധ്യമമാണ് പുറത്തുവിട്ടത്.

കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓർഗനൈസേഷൻ (എൻ.എസ്.ഒ) തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാർ പൂഴ്‌ത്തിവച്ചത്. ഇന്ത്യക്കാരുടെ വാങ്ങൽശേഷി (കൺസ്യൂമർ സ്‌പെൻഡിംഗ്) കഴിഞ്ഞ 46 വർഷത്തെ ഏറ്റവും താഴ്‌ത്ത നിരക്കിലേക്ക് ഇടിഞ്ഞുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂൺ 19ന് റിപ്പോർട്ട് പുറത്തുവിടേണ്ടതായിരുന്നു. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാരിന് എതിരായതിനാൽ പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

2017 ജൂലായ് മുതൽ 2018 ജൂൺവരെയുള്ള കാലയളവിൽ കൺസ്യൂമർ സ്‌പെൻഡിംഗിൽ ഉണ്ടായ ഇടിവ് 3.7 ശതമാനമാണെന്ന് റിപ്പോർട്ടിലുണ്ട്.. 1972-73ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയാണിത്. 2011-12ൽ ഒരിന്ത്യൻ പൗരൻ പ്രതിമാസം ശരാശരി ചെലവഴിച്ച തുക 1,501 രൂപയായിരുന്നത് 2017-18ൽ 1,448 രൂപയായി താഴ്‌ന്നു. ഗ്രാമീണ മേഖലയിൽ ചെലവ് ഇതേകാലയളവിൽ 1,217 രൂപയിൽ നിന്ന് 1,110 രൂപയായി കുറഞ്ഞു; ഇടിവ് 8.8 ശതമാനം.

ഇക്കാലയളവിൽ നഗരമേഖലയിലെ ചെലവ് 2,212 രൂപയിൽ നിന്ന് 2,256 രൂപയായി ഉയർന്നു; വർദ്ധന രണ്ടു ശതമാനം. എങ്കിലും, നഗരങ്ങളിലുള്ളവരും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പണം തികയാതെ വലയുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഉപ്പ്, എണ്ണ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതും നഗരങ്ങളിലുള്ളവർ കുറച്ചു.

2017-18ൽ തൊഴിലില്ലായ്‌മ നിരക്ക് 45 വർഷത്തെ ഉയരമായ 6.1 ശതമാനത്തിലേക്ക് ഉയർന്നുവെന്ന എൻ.എസ്.ഒയുടെ റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തുവിടാതെ വച്ചത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സാമ്പത്തിക നയങ്ങൾ പാളിയെന്ന് സർക്കാരിന് സ്വയം വ്യക്തമായ പശ്‌ചാത്തലത്തിലാണ് സ്വന്തം റിപ്പോർട്ടുകൾ തന്നെ പൂഴ്‌ത്തിവയ്ക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

'റിപ്പോർട്ട് പൂർണമല്ല"

ഉപഭോക്തൃ വാങ്ങൽച്ചെലവ് നാല് ദശാബ്‌ദത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞുവെന്ന എൻ.എസ്.ഒയുടെ റിപ്പോർട്ട് പൂർണമല്ലെന്ന് സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയം പ്രതികരിച്ചു. റിപ്പോർട്ട് പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയ അധികൃതർ പറഞ്ഞു.

7 വർഷം

ഇന്ത്യയിൽ ഉപഭോഗ വളർച്ച നടപ്പുവർഷം ഏഴുവർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞുവെന്ന് ഗവേഷണ സ്ഥാപനമായ നീൽസൺ റിപ്പോർ‌ട്ട് ചെയ്‌തിരുന്നു. 2018ലെ 20 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്കായിരുന്നു വീഴ്‌ച.

വാങ്ങൽശേഷി കുറയുന്നു

(ഉപഭോഗത്തിലെ ഇടിവ്)

അരി, ഗോതമ്പ്

ഗ്രാമം : -20.4%

നഗരം : -7.9%

ഉപ്പ്, പഞ്ചസാര

ഗ്രാമം : -16.6%

നഗരം : -14.2%

ധാന്യങ്ങൾ

ഗ്രാമം : -15.4%

നഗരം : -16.3%

ഭക്ഷ്യ എണ്ണ

ഗ്രാമം : -14.6%

നഗരം : -16.6%

സംസ്കരിച്ച ഭക്ഷണം

ഗ്രാമം : -11.2%

നഗരം : 2.8%

പഴങ്ങൾ

ഗ്രാമം : -1.5%

നഗരം : 18.2%

ആകെ വളർച്ച

ഗ്രാമം : -9.8%

നഗരം : 0.2%

-8.8%

ഗ്രാമീണ ഉപഭോക്തൃ വാങ്ങൽശേഷി 2017-18ൽ 8.8 ശതമാനം ഇടിഞ്ഞു. നഗരങ്ങളിൽ വളർച്ച രണ്ടു ശതമാനം.

-3.7%

ഇന്ത്യക്കാരുടെ മൊത്തം ഉപഭോക്തൃ വാങ്ങൽശേഷി 2017-18ൽ 3.7 ശതമാനം ഇടിഞ്ഞു.

''മോഡിണോമിക്‌സ്* പാളിയെന്ന് സർ‌ക്കാരിന് തന്നെ വ്യക്തമായി. സ്വന്തം റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കാൻ അവർ തന്നെ നിർബന്ധിതരാകുന്നു""

രാഹുൽ ഗാന്ധി